'ദുൽഖറാണ് ആ സിനിമക്കായി ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത്; അവാർഡ് കിട്ടേണ്ടതും അദ്ദേഹത്തിനായിരുന്നു': വിനായകൻ
ഞാൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് കമ്മട്ടിപ്പാടത്തിലേത്
കൊച്ചി: ദുൽഖർ സൽമാനും വിനായകനും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു 2016ൽ തിയറ്ററുകളിലെത്തിയ കമ്മട്ടിപ്പാടം. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായിരുന്നുവെന്ന് മാത്രമല്ല മികച്ച നടനുൾപ്പെടെയുള്ള സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. താൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് കമ്മട്ടിപ്പാടത്തിലേത് ആണെന്ന് പറയുകയാണ് വിനായകൻ. ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നതെന്നും അദ്ദേഹം പറയുന്നു.
"ഞാൻ കണ്ടതിൽ ദുൽഖറിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് കമ്മട്ടിപ്പാടത്തിലേത്. കഥാപാത്രത്തിന്റെ ലൈഫ് സ്റ്റൈലിൽ നിന്ന് നേരെ ഓപ്പോസിറ്റ് ആണ് ദുൽഖർ.
എന്നാൽ നമ്മൾ ഇതിൽ ജീവിക്കുന്നവരാണ്. ശരിക്കും അന്ന് ദുൽഖറിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്. ദുൽഖർ ആണ് ഏറ്റവും കൂടുതൽ ആ സിനിമയ്ക്കായി കഷ്ടപ്പെട്ടത്. എനിക്കും മണികണ്ഠനും കഥയുടെ പശ്ചാത്തലവുമായി നല്ല ബന്ധമുണ്ട്. ദുൽഖർ പുറത്തുനിന്നു ഇങ്ങോട്ട് വന്നു വീണതാണ്", ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.
2016 മേയ് 20നാണ് കമ്മട്ടിപ്പാടം റിലീസ് ചെയ്യുന്നത്. പി.ബാലചന്ദ്രനായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ. ദുൽഖര്‍ സൽമാൻ, മണികണ്ഠൻ കെ. ആചാരി, അലൻസിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം മണികണ്ഠന് ലഭിച്ചിരുന്നു. കൂടാതെ മികച്ച ഫിലിം എഡിറ്റര്‍, കലാ സംവിധാനം എന്നീ അവാര്‍ഡുകളും കമ്മട്ടിപ്പാടത്തിന് ലഭിച്ചു.
അതേസമയം വിനായകൻ നായകനാകുന്ന കളങ്കാവൽ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മമ്മൂട്ടിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. 21 നായികമാരാണ് ചിത്രത്തിലുള്ളത്. കുറുപ്പിന്‍റെ കഥയൊരുക്കിയ ജിതിൻ കെ.ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.