'ആദ്യം കണ്ടപ്പോൾ എനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു, ഇത്ര സുന്ദരനായ ഒരാളെ ഞാൻ കണ്ടിട്ടില്ല'; ധര്‍മേന്ദ്രയെക്കുറിച്ച് ഹേമമാലിനി പറഞ്ഞത്

കുടുംബമടക്കം മുഖം തിരിച്ചിട്ടും വിവാഹിതനും നാല് മക്കളുടെ പിതാവുമായ ധര്‍മേന്ദ്രയെ ഹേമ വിവാഹം കഴിക്കുകയായിരുന്നു

Update: 2025-11-28 04:50 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു ധര്‍മേന്ദ്രയുടെയും ഹേമമാലിനിയുടെയും. വെള്ളിത്തിരയിലെ ഹിറ്റ് ജോഡികൾ ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചപ്പോൾ എതിര്‍പ്പുകൾ മാത്രമായിരുന്നു ചുറ്റിലും. കുടുംബമടക്കം മുഖം തിരിച്ചിട്ടും വിവാഹിതനും നാല് മക്കളുടെ പിതാവുമായ ധര്‍മേന്ദ്രയെ ഹേമ വിവാഹം കഴിക്കുകയായിരുന്നു.

ധര്‍മേന്ദ്രയെ സ്നേഹപൂര്‍വം 'ധരംജി' എന്നായിരുന്നു ഹേമ വിളിച്ചിരുന്നത്. സ്നേഹസമ്പന്നനായ ഭര്‍ത്താവും നല്ലൊരു പിതാവുമായിരുന്നു ധര്‍മേന്ദ്രയെന്നാണ് ഹേമ അദ്ദേഹത്തിന്‍റെ വിയോഗത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗമുണ്ടാക്കിയ ശൂന്യത ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നാണ് ഹേമ പറയുന്നു. ധര്‍മേന്ദ്രക്കൊപ്പമുള്ള ചിത്രങ്ങളും ഡ്രീംഗേൾ പങ്കുവച്ചിരുന്നു.

Advertising
Advertising

"അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. സുന്ദരനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം അസാധാരണനും സുന്ദരനുമായിരുന്നു. അത് എന്നെ ശരിക്കും ആകർഷിച്ചു. ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു എന്നല്ല അതിനർത്ഥം. പിന്നീടാണ് ഞാൻ അദ്ദേഹത്തെ ഇത്രയധികം ആരാധിക്കാൻ തുടങ്ങിയത്. പക്ഷേ എന്നെ ആകർഷിച്ചത് അദ്ദേഹമായിരുന്നു. പിന്നീട് അദ്ദേഹവും എന്നിലേക്ക് ആകർഷിക്കപ്പെട്ടു" ധര്‍മേന്ദ്രയുമായി എങ്ങനെയാണ് പ്രണയത്തിലായതെന്ന് 022-ൽ ഇന്ത്യാ ടുഡേയിൽ രാജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിൽ ഹേമ പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഒരു യാഥാസ്ഥിതിക തമിഴ് കുടുംബത്തിൽ നിന്നായതുകൊണ്ടുതന്നെ വിവാഹിതനായ ഒരാളെ വിവാഹം കഴിക്കുന്നത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നോ എന്ന് ചോദിച്ചപ്പോൾ ''എനിക്ക് ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല, നിങ്ങൾ എന്നെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് എനിക്ക് പറയേണ്ടി വന്നു'' എന്നായിരുന്നു ഹേമയുടെ മറുപടി. ''പ്രശ്നങ്ങളുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഞാൻ അദ്ദേഹത്തിൽ നിന്നും മറ്റൊന്നും പ്രതീക്ഷിച്ചില്ല, സ്നേഹം മാത്രം മതിയായിരുന്നു എനിക്ക്. അദ്ദേഹം എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. അതിൽ കൂടുതലെന്ത് വേണം. അദ്ദേഹത്തിന്‍റെ പണമോ സ്വത്തോ എനിക്ക് ആവശ്യമായിരുന്നില്ല'' ഹേമമാലിനി പറഞ്ഞു.

ധര്‍മേന്ദ്രയെ വിവാഹം കഴിച്ചെങ്കിലും ഒരിക്കലും അദ്ദേഹത്തിന്‍റെ കുടുംബ വീട്ടിൽ ഹേമ താമസിച്ചിരുന്നില്ല. ധർമേന്ദ്രയുടെ ജുഹുവിലെ വീട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ ഒരു വീട്ടിലാണ് ഹേമയും രണ്ട് പെൺമക്കളും താമസിച്ചിരുന്നത്. "ആരെയും ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. ധരംജി എനിക്കും എന്‍റെ പെൺമക്കൾക്കും വേണ്ടി ചെയ്ത കാര്യങ്ങളിൽ ഞാൻ സന്തുഷ്ടനാണ്." എന്നാണ് ഹേമ പിന്നീട് പറഞ്ഞത്. ധര്‍മേന്ദ്രയുടെ ആദ്യഭാര്യ പ്രകാശ് കൗറിനും മക്കൾക്കും ഒരു തടസമാകാൻ ഹേമ ആഗ്രഹിച്ചിരുന്നില്ല. തീവ്രമായി പ്രണയിച്ചിട്ടും ജീവിതകാലം മുഴുവൻ രണ്ട് വീടുകളിലായിട്ടാണ് ധര്‍മേന്ദ്രയും ഹേമമാലിനിയും കഴിഞ്ഞത്. ഈ കാലങ്ങളിലൊന്നും ഒരിക്കലും പരസ്പരം കുറ്റപ്പെടുത്തിയില്ല, പഴിചാരിയില്ല..ഒരു ഹിറ്റ് പ്രണയചിത്രത്തിലെ ശുഭകരമായ ക്ലൈമാക്സ് പോലെ ആ പ്രണയകാലം അവര്‍ ജീവിച്ചുതീര്‍ക്കുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News