ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് സെപ്തംബറില്‍ ആരംഭിക്കും

പുനെ സാവിത്രി ഭായ് ഭുലെ യൂണിവേഴ്സിറ്റിയുടെ കാമ്പസാണ് ഖത്തറിലെ ബര്‍വയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

Update: 2021-03-08 02:40 GMT

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ചിരുന്ന ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാമ്പസ് ഈ വര്‍ഷം സെപ്തംബറില്‍ തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. വിദ്യാഭ്യാസ ഉന്നത മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അബ്ദുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളാണ് കാമ്പസിലുണ്ടാവുകയെന്ന് അദ്ദേഹം അറിയിച്ചു. പ്രതിവര്‍ഷം 300 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമുണ്ടാകും. നാലാമത്തെ വര്‍ഷം 1,000 വിദ്യാര്‍ഥികള്‍ കാമ്പസിലുണ്ടാകും. അബൂഹമൂറിലെ ബര്‍വയില്‍ സജ്ജമാക്കിയ കോളജ് കെട്ടിടം അടുത്തയാഴ്ച്ച വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം സന്ദര്‍ശിക്കും.

ഇത് കൂടാതെ മറ്റ് മൂന്ന് സ്വകാര്യ യൂണിവേഴ്സിറ്റി കാമ്പസുകള്‍ കൂടി ഉടന്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുമെന്നും ഡോ. ഖാലിദ് അബ്ദുള്ള അല്‍ അലി പറഞ്ഞു.

Tags:    

Similar News