ഫോണിലൂടെ ബാങ്ക് തട്ടിപ്പ്: യുഎഇയില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍
ഒരു വനിതയടക്കം അഞ്ച് പ്രവാസികളാണ് പിടിയിലായതെന്ന് അബൂദബി പൊലീസ് അറിയിച്ചു.
ഫോണിലൂടെ വൻതുകയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ അഞ്ച് അംഗസംഘം യുഎഇയിൽ അറസ്റ്റിലായി. ഒരു വനിതയടക്കം അഞ്ച് പ്രവാസികളാണ് പിടിയിലായതെന്ന് അബൂദബി പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് ഫോണുകളും നിരവധി സിം കാർഡുകളും പിടിച്ചെടുത്തു.
നിരവധി പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. ബാങ്കിൽ നിന്നാണെന്നും അക്കൗണ്ട് ഫ്രീസാണെന്നും അറിയിച്ചാണ് ഇവർ ഫോണിൽ വിളിക്കുക. തന്ത്രപൂർവം ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ് വേർഡുകളും കൈക്കലാക്കുന്ന സംഘം അക്കൗണ്ടിൽ നിന്ന് പണം തട്ടുന്നതായിരുന്നു രീതി. അജ്മാൻ പൊലീസിന്‍റെ സഹകരണത്തോടെയാണ് സംഘത്തെ അബൂദബി പൊലീസ് വലയിലാക്കിയത്. പിടിയിലായ അഞ്ച് പേരും ഏഷ്യക്കാരാണെന്ന് പൊലീസ് പറഞ്ഞു.
ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് അബൂദബി പൊലീസിന്‍റെ ക്രിമിനൽ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കി. ബാങ്കുകളൊരിക്കലും ടെലഫോൺ കോളിലൂടെ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടില്ല. ബാങ്ക് ജീവനക്കാർ വഴിയും ശാഖകളിലെത്തിയും ഇത് നിർവഹിക്കുന്നതാണ് സുരക്ഷിതം. സംശയാസ്പദമായ ഇത്തരം ഫോൺകോളുകൾ ലഭിച്ചാൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.