സൗദിയിലേക്ക് വിമാനം; ഇന്ത്യൻ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഇതോടെ മാർച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സർവീസിന് സാധ്യതയേറി

Update: 2021-01-27 04:19 GMT

സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച. ഇതോടെ മാർച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സർവീസിന് സാധ്യതയേറി.

ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്. ഇതു കാരണം ബാക്കി രാജ്യങ്ങളുമായി എയർ ബബിള്‍ കരാർ പ്രകാരം വിമാന സർവീസ് തുടങ്ങിയെങ്കിലും ഇന്ത്യ യാത്രാ വിലക്ക് പട്ടികയിൽ തുടർന്നു. കോവിഡ് കേസുകളിൽ ഇന്ത്യയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു യാത്രാ വിലക്ക്. നിലവിൽ സ്ഥിതി മെച്ചപ്പെട്ടത് നേരത്തെ എംബസി സൗദി സിവിൽ ഏവിയേഷനേയും വിദേശ കാര്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സൗദി ആരോഗ്യ മന്ത്രാലയമാണ്.

Advertising
Advertising

Full View

നേരത്തെ ആരോഗ്യ മന്ത്രാലയത്തെ വിവരങ്ങൾ ധരിപ്പിച്ചിരുന്നെങ്കിലും വിമാന സർവീസ് വിഷയത്തിൽ അനിശ്ചിതത്വം തുടർന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുമായി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ വിമാന സർവീസിന് അനുമതി നൽകണമെന്ന് അംബാസിഡർ അഭ്യർഥിച്ചു. വിഷയത്തിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് എംബസിയുടെ പ്രതീക്ഷ. അടുത്ത മാർച്ചിൽ സൗദി അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യയെ വീണ്ടും മാറ്റി നിർത്തുമോ എന്ന ആശങ്കയും ബാക്കി നിൽക്കുന്നുണ്ട്. എംബസിയുടെ അഭ്യർഥനക്ക് അനുകൂല തീരുമാനമുണ്ടായാൽ മാർച്ചിന് മുന്നേ തന്നെ വിമാനങ്ങൾക്ക് സൗദിയിലേക്ക് പറക്കാനാകും.

Tags:    

Similar News