നെയ്മറിന്റേത് അഭിനയമോ? അതിജീവനമോ? തര്‍ക്കംതീരാതെ സോഷ്യല്‍മീഡിയ
റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഷോട്ടുകളും(23) ടാര്‍ഗറ്റ് ഷോട്ടുകളും(12) ഗോളവരസങ്ങള്‍ സൃഷ്ടിച്ചതും(12) കൂടുതല് ഫൗളിനിരയായതും(23) നെയ്മറാണ്...
ലോകകപ്പിലെ പ്രയാണം ക്വാര്‍ട്ടറിലെത്തി നില്‍ക്കുമ്പോള്‍ ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടുന്ന ബ്രസീല്‍ താരം നെയ്മര്‍ തന്നെ. ഒരേ പോലെ നല്ലതും ചീത്തയുമായ വാര്‍ത്തകളാണ് നെയ്മറുടെ പേരില്‍ പ്രചരിക്കുന്നത്. നെയ്മര്‍ കളിക്കളത്തില്‍ ഫൗള്‍ അഭിനയിക്കുന്നുവെന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനം. അതേസമയം ഈ ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഷോട്ടുകളും(23) ടാര്‍ഗറ്റ് ഷോട്ടുകളും(12) ഗോളവരസങ്ങള്‍ സൃഷ്ടിച്ചതും(12) നെയ്മര്‍ തന്നെയാണ്.
മെക്‌സിക്കോയുമായുള്ള മത്സരശേഷമാണ് നെയ്മറിനെതിരായ വിമര്‍ശനം ഏറിയിരിക്കുന്നത്. മെക്‌സിക്കോ പരിശീലകന്‍ ഒസോരിയോ തന്നെ പേരെടുത്തുപറയാതെ നെയ്മറിനെതിരെ പരസ്യ വിമര്‍ശവുമായി മുന്നോട്ടുവന്നു. ബ്രസീലിന്റെ 'ഫൗള്‍ നാടകങ്ങളാണ്' തങ്ങളുടെ ടീമിന്റെ താളം തെറ്റിച്ചതെന്ന് മെക്‌സിക്കന്‍ പരിശീലകന്‍ ആരോപിക്കുന്നു. പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പ്പിച്ചത്.
മെക്‌സിക്കന്‍ താരം മിഗ്വല്‍ ലയൂണുമായുണ്ടായ സംഭവമാണ് കോച്ച് എടുത്തു പറഞ്ഞത്. രണ്ടാം പകുതിയില്‍ ത്രോ ബോളിനായി വീണു കിടന്നിരുന്ന നെയ്മറിന്റെ കാലിനടുത്തുനിന്നും ഫുട്‌ബോള്‍ എടുക്കാന്‍ എത്തിയതായിരുന്നു ലയൂണ്‍. നെയ്മറുടെ കാലില്‍ ലയൂണിന്റെ ബൂട്ട് പതിഞ്ഞതോടെ വേദനയില്‍ പുളയുന്ന നെയ്മറെയാണ് പിന്നീട് കാണുന്നത്. റഫറി വാറിന്റെ സഹായം തേടിയെങ്കിലും 'അഭിനയക്കാരനെന്ന' ദുഷ്‌പേരുള്ള നെയ്മറിന് അനുകൂലമായല്ല തീരുമാനം വന്നത്. ഇത് ഫുട്‌ബോളിന് തന്നെ അപമാനമാണെന്നാണ് മെക്‌സിക്കന്‍ പരിശീലകന്‍ പറഞ്ഞത്.
മുന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരവും അഭിനേതാവുമായ എറിക് കന്റോണ അടക്കമുള്ള നിരവധി പേര്‍ നെയ്മറിന്റെ പ്രകടനത്തെ കളിയാക്കിക്കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നെയ്മര്‍ വിരുദ്ധ പ്രചരണങ്ങള്‍ ശക്തമാണ്.
എന്നാല്‍ ഇത്തരം വിവാദങ്ങളെ തള്ളിക്കളയുകയാണ് നെയ്മര്‍ ചെയ്യുന്നത്. ഇത്തരം വിമര്‍ശനങ്ങളേയും പുകഴ്ത്തലുകളേയും ഒരുപോലെ തള്ളിക്കളയുന്നുവെന്നാണ് നെയ്മര്‍ പറയുന്നത്. എന്റെ ടീമിനൊപ്പം ലോകകപ്പ് ജയിക്കാനാണ് റഷ്യയില്‍ വന്നതെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ക്കുന്നു. നെയ്മറിന് പിന്തുണയുമായി പരിശീലകന്‍ ടിറ്റെയും രംഗത്തെത്തിയിട്ടുണ്ട്. 'എന്താണ് സംഭവിച്ചതെന്ന് ഞാനും നിങ്ങളും കണ്ടതാണ്. ആ വീഡിയോ ഒന്നു കണ്ടു നോക്കൂ പിന്നെയൊന്നും പറയാനുണ്ടാകില്ല' എന്നായിരുന്നു ടിറ്റെ പറഞ്ഞത്. അറിഞ്ഞോ അറിയാതെയോ ലയൂണ്‍ നെയ്മറിന്റെ കാലില്‍ ചവിട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്.
കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയയുടെ യുവാന്‍ കാമില്ലോ സുനിഗയുടെ ക്രൂരമായ ഫൗളിന് വിധേയനായി നെയ്മര്‍ പുറത്തു പോയതോടെ അവസാനിച്ചത് ബ്രസീലിന്റെ ലോകകപ്പ് സ്വപ്‌നങ്ങളായിരുന്നു. അന്ന് സുനിഗയ്‌ക്കെതിരെ റഫറി ഫൗള്‍ വിളിക്കുകയോ കാര്‍ഡ് നല്‍കുകയോ ചെയ്തിരുന്നില്ല. നെയ്മറില്ലാതെ ജര്‍മ്മനിക്കെതിരെ സെമി ഫൈനല്‍ കളിക്കാനിറങ്ങിയ ബ്രസീല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 7-1നാണ് പരാജയപ്പെട്ടത്.
കളിക്കാരനെന്ന നിലയില്‍ റഷ്യയിലും അസാധാരണ മുന്നേറ്റമാണ് ബ്രസീല്‍ താരം നടത്തിക്കൊണ്ടിരിക്കുന്നത്. 26കാരനായ നെയ്മര്‍ ബ്രസീലിനുവേണ്ടി 89 കളികളില്‍ നിന്നും 57 ഗോളുകള്‍ നേടിയിട്ടുണ്ട്. ഈ ഫോം തുടര്‍ന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പെലെയുടെ 77 ഗോളുകളെന്ന റെക്കോഡ് നെയ്മര്‍ മറികടക്കും. വിമര്‍ശങ്ങള്‍ നേരിടുമ്പോഴും റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗളിന് ഇരയായ താരവും നെയ്മറാണ്. 23 തവണയാണ് നെയ്മറിന് എതിര്‍ ടീമിന്റെ ഫൗളിന് ഇരയാകേണ്ടി വന്നത്.