മഞ്ചേരിക്കാരന്‍ ആരാധകന് സമ്മാനവുമായി വീണ്ടും ഓസില്‍
ഇന്‍സമാമിന്റെ മകന്‍ മെഹദിനായി ഒരു കുഞ്ഞ് ജേഴ്സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനോടുള്ള സ്നേഹം പങ്കുവെച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണലിന്റെയും അവരുടെ താരം മെസ്യൂത് ഓസിലിന്റെയും കട്ട ഫാനായ മഞ്ചേരിക്കാരന്‍ ഇന്‍സമാം ഉല്‍ ഹഖിനെയും അദ്ദേഹത്തിന്റെ മകനെയും മറന്നുകാണില്ല. ആരാധന മൂത്ത് മകന്, ഇന്‍സമാം ഇട്ട പേര് മെഹദ് ഓസില്‍ എന്നായിരുന്നു. ആഴ്സണല്‍ ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചതോടെ ഇന്‍സമാമിനെ ലോകം അറിഞ്ഞു. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കി. പോരാത്തതിന് ഓസിലും ഇക്കാര്യം പങ്കുവെച്ചു.
ഇപ്പോഴിതാ ഈ കുടുംബത്തെ തേടി ഓസിലിന്റെ സ്‌നേഹ സമ്മാനമെത്തിയിരിക്കുന്നു. ഇന്‍സമാമിന്റെ മകന്‍ മെഹദിനായി ഒരു കുഞ്ഞ് ജേഴ്സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ഈ ആരാധകനോടുള്ള സ്നേഹം പങ്കുവെച്ചത്. ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്‌സി അയച്ചത്. ഈ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ഒരു വീഡിയോയും ആഴ്‌സണല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സമ്മാനവുമായി നില്‍ക്കുന്ന കുഞ്ഞ് മെഹദും വീഡിയോയിലുണ്ട്. ഇതിനെല്ലാം ഇന്‍സമാം നന്ദി പറയുന്നുമുണ്ട്. ഓസിലിനെ കാണാന്‍ സാധിക്കട്ടെയെന്ന പ്രതീക്ഷയും ഇന്‍സമാം പങ്കുവെക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് മഞ്ചേരിക്കാരന്‍ ഇന്‍സമാം മകന് ഓസിലിന്റെ പേരിട്ടത് വാര്‍ത്തയായത്. ‘മെഹദ് ഓസില്‍ എന്നു കുട്ടിക്ക് പേരിട്ടിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണ്. ഇന്ത്യയിലേക്കും മെഹദ് ഓസിലിനും എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു.’ ഇന്‍സമാമിനെക്കുറിച്ചുള്ള ആഴ്സണലിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് ഓസില്‍ എഫ്.ബിയില്‍ അന്ന് കുറിച്ചിരുന്നു.