പത്ത് സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ മുസ്ലീംലീഗ്
വള്ളിക്കുന്ന്, കൊണ്ടോട്ടി, കോട്ടക്കൽ, കുറ്റ്യാടി മണ്ഡലങ്ങളിൽ നിലവിലെ എം.എൽ.എമാർ തന്നെ സ്ഥാനാർത്ഥികളാകും
പത്ത് സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാൻ മുസ്ലീംലീഗ് നേതൃത്വത്തിൽ ധാരണ. വള്ളിക്കുന്ന്, കൊണ്ടോട്ടി, കോട്ടക്കൽ, കുറ്റ്യാടി മണ്ഡലങ്ങളിൽ നിലവിലെ എം.എൽ.എമാർ തന്നെ സ്ഥാനാർത്ഥികളാകും. പി.വി അബ്ദുൽവഹാബ് മത്സരിക്കുന്നില്ലെങ്കിൽ ഏറനാട് പി.കെ ബഷീർ തുടരും.
വള്ളിക്കുന്ന് പി അബ്ദുൽഹമീദ്, കൊണ്ടോട്ടിയിൽ ടി.വി ഇബ്രാഹിം, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള എന്നിവരെ വീണ്ടും മത്സരിപ്പിക്കാനാണ് ധാരണ. നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ ഏറനാട് സീറ്റ് വേണമെന്ന ആവശ്യം പി.വി അബ്ദുൽ വഹാബിനുണ്ട്. അല്ലെങ്കിൽ പി.കെ ബഷീർ തന്നെ ഏറനാട് തുടരും.
കോഴിക്കോട് സൗത്ത് എം.എൽ.എ എം.കെ മുനീർ, മണ്ണാർക്കാട്ടെ എൻ.ഷംസുദ്ദീൻ, വേങ്ങരയിലെ കെ.എൻ.എ ഖാദർ എന്നിവർ മണ്ഡലം മാറിയായിരിക്കും മത്സരിക്കുക. അഴീക്കോട് എം.എൽ.എ കെ.എം ഷാജിയും, പെരിന്തൽമണ്ണയിൽ നിന്ന് മഞ്ഞളാംകുഴി അലിയും മണ്ഡലം മാറുന്നവരുടെ കൂട്ടത്തിലുണ്ട്. മുനീർ കൊടുവള്ളിയിലും ഷംസുദ്ദീൻ തിരൂരും ഷാജി കണ്ണൂർ അല്ലെങ്കിൽ കാസർകോടും അലി മങ്കടയിലും മത്സരിക്കാനാണ് സാധ്യത.
അതേസമയം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയെന്ന് മാധ്യമങ്ങളിൽ വരുന്ന പേരുകൾ വെറും ഊഹാപോഹം മാത്രമാണെന്ന് കെ.പി.എ മജീദ് വ്യക്തമാക്കി.