കുവൈത്തില്‍ ജനസംഖ്യയുടെ 33 ശതമാനം പേര്‍ ക്ഷയരോഗബാധിതരെന്ന് റിപ്പോര്‍ട്ട്
പ്രതിവര്‍ഷം 58 മില്യന്‍ ദീനാർ ക്ഷയരോഗ ബന്ധപ്പെട്ടു സർക്കാർ ചെലവിടുന്നതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം വെളിപെടുത്തി.
കുവൈത്തില്‍ മൊത്തം ജനസംഖ്യയുടെ 33 ശതമാനം ആളുകൾ ക്ഷയരോഗബാധിതരെന്ന് റിപ്പോര്‍ട്ട്. പൊടിക്കാറ്റും കാലാവസ്ഥയും രോഗവ്യാപനത്തിനു കാരണമാകുന്നു. പ്രതിവര്‍ഷം 58 മില്യന്‍ ദീനാർ ക്ഷയരോഗ ബന്ധപ്പെട്ടു സർക്കാർ ചെലവിടുന്നതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം വെളിപെടുത്തി.
ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് രാജ്യനിവാസികളില്‍ 33 ശതമാനം ക്ഷയരോഗ ബാധിതരാണെന്ന വെളിപ്പെടുത്തലുള്ളത്. കുട്ടികളില്‍ 15 ശതമാനത്തിനും 18 ശതമാനത്തിനും ഇടയില്‍ ക്ഷയരോഗ ബാധിതരാണെന്നും പ്രസ്താവനയില്‍ പറയുന്നു. കുട്ടികള്‍ പോലും ക്ഷയരോഗത്തിന്റെ പിടിയിലകപ്പെടുന്നത് ആശങ്കയുളവാക്കുന്നതാണെന്നു മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗം മേധാവി ഡോ. ഗാലിയ അല്‍മുതൈരി പറഞ്ഞു.
അസ്ഥിരമായ കാലാവസ്ഥയാണ് രാജ്യത്ത് ക്ഷയം വ്യാപിക്കുന്നതിനുള്ള പ്രധാനകാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഹ്യുമിഡിറ്റി , പൊടിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളിലാണ് ക്ഷയം കൂടുതല്‍ പ്രയാസപ്പെടുത്തുന്നത്. ആധുനിക ചികിത്സാ രീതികളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി രോഗത്തെ നിയന്ത്രിക്കാനും അതുവഴി രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുമാണ് മന്ത്രാലയം പരിശ്രമിക്കുന്നത്. രാജ്യത്തെ ക്ഷയരോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം 58 മില്യന്‍ ദീനാറിനടുത്ത് ചെലവഴിക്കുന്നുണ്ടെന്നും ഡോ. ഗാലിയ അല്‍ മുതൈരി കൂട്ടിച്ചേര്‍ത്തു.