യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം പടിയിറങ്ങുന്നു
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചാലും വിദ്യാഭ്യാസ മേഖലയിലും മറ്റും സജീവമാകാന്‍ തന്നെയാണ് ടി.പി സീതാറാമിന്റെ തീരുമാനം
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ശക്തമായ ചുവടുവെപ്പുകള്‍ നടത്തിയതിന്റെ സംതൃപ്തിയിലാണ് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാമിന്റെ നാട്ടിലേക്കുള്ള മടക്കം. തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമായതിന്റെ കൂടി ആഹ്ലാദത്തിലാണ് മടക്കം. ആഗസ്റ്റ് അവസാനത്തോടെ ഔദ്യോഗിക നയതന്ത്ര ജീവിതത്തോടും സീതാറാം വിട പറയും.
1980 മുതല്‍ കേന്ദ്ര വിദേശകാര്യ സര്‍വീസില്‍ സേവനം ആരംഭിച്ച ടി.പി സീതാറാം, മൂന്ന് വര്‍ഷം മുമ്പാണ് യു.എ.ഇയില്‍ അംബാസഡര്‍ പദവിയില്‍ എത്തുന്നത്. സംഭവ ബഹുലമായിരുന്നു ഈ കാലയളവ്. നീണ്ട 34 വര്‍ഷത്തിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടാക്കിയ ഉണര്‍വ് ചെറുതല്ല. തുടര്‍ന്ന് അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം യാഥാര്‍ഥ്യമാക്കുന്നതിലും ടി.പി സീതാറാമിന്റെ ടി.പി സീതാറാമിന്റെ റോള്‍ നിര്‍ണായകമായിരുന്നു. സഹോദരനും പ്രമുഖ നയതന്ത്ര വിദഗ്ധനുമായ ടി.പി ശ്രീനിവാസനാണ് എന്നും തന്റെ പ്രചോദനമെന്ന് ടി.പി സീതാറാം.
ഹോങ്കോങ്ങ്, സാംബിയ, നമീബിയ, ചൈന, കംപോഡിയ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സര്‍ലാന്‍റ്, തായ്‍ലാന്‍റ്, മൗറീഷ്യസ് എന്നിവിടങ്ങളിലെ നയതന്ത്ര സേവനത്തെ തുടര്‍ന്നായിരുന്നു അറബ് രാജ്യത്തേക്കുള്ള സീതാറാമിന്റെ വരവ്. എല്ലാ നിലക്കും ഒരു ജനകീയ അംബാസഡര്‍ കൂടിയായിരുന്നു ടി.പി സീതാറാം പ്രവാസികള്‍ക്ക്.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചാലും വിദ്യാഭ്യാസ മേഖലയിലും മറ്റും സജീവമാകാന്‍ തന്നെയാണ് ടി.പി സീതാറാമിന്റെ തീരുമാനം.