മുന്തിരിയും മാതളവും വിളയുന്ന ഒമാനിലെ വെക്കാന്‍ ഗ്രാമം
മസ്കത്തിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചാൽ ചുറ്റും മലനിരകളാൽ ചുറ്റപ്പെട്ട വെക്കാൻ ഗ്രാമത്തിൽ എത്താം
കടലും മലകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഒമാനെ മറ്റ് അറബ് രാഷ്ട്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.ഈ മലകളിൽ മനോഹരമായ തോട്ടങ്ങൾ നിറഞ്ഞ നിരവധി ഗ്രാമങ്ങൾ ഇവിടെയുണ്ട്.അതിലൊന്നാണ് ഏറെ വ്യത്യസ്തകളുള്ള വെക്കാൻ ഗ്രാമം. മുന്തിരി,മാതളം ,അത്തി എന്നിവ വിളയുന്ന ഈ ഗ്രാമത്തിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്.
മസ്കത്തിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചാൽ ചുറ്റും മലനിരകളാൽ ചുറ്റപ്പെട്ട വെക്കാൻ ഗ്രാമത്തിൽ എത്താം. സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയത്തൊന്‍ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളാണ് ആശ്രയം. ചുറ്റുമുള്ള മലകള്‍ സൂര്യനെ മറക്കുന്നതിനാല്‍ ഉദയം കഴിഞ്ഞ് മണിക്കൂര്‍ പിന്നിട്ടാല്‍ മാത്രമേ ഇവിടെ വെളിച്ചം വീഴുകയുള്ളൂ. വൈകുന്നേരം പതിവിലും നേരത്തേ ഇരുള്‍വീഴുകയും ചെയ്യും. പൊതുവേ വേനല്‍ക്കാലത്തും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വീശിയടിക്കുന്ന തണുത്ത കാറ്റ് വേനല്‍ ചൂടില്‍ നിന്ന് നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക് ആശ്വാസമാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തണുത്ത് വിറക്കുന്ന കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. ഈ സമയം അധികപേരും മലയിറങ്ങും.
കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാനം. മലമുകളില്‍ നിന്നും വരുന്ന ഉറവകളിലെ വെള്ളം ശേഖരിച്ചാണ് ഇവർ കൃഷി ചെയ്യുന്നത്. മുന്തിരി, അനാര്‍, അത്തി എന്നിവ ഇവിടെ ധാരാളമായി വിളയുന്നു . താഴ്വരയുടെ മനോഹര ദൃശ്യമാണ് മലമുകളില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. ഗ്രാമീണരായ അറബികളുടെ ആതിഥേയത്വവും അവിസ്മരണീയം തന്നെ. വിളവെടുപ്പ് കാലമായ മെയ് മുതല്‍ ആഗസ്റ്റ് വരെയാണ് വെക്കാനിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നത്.