കുവൈത്തില്‍ ജോലിക്ക് പോകുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Update: 2017-11-21 16:02 GMT
Editor : admin
കുവൈത്തില്‍ ജോലിക്ക് പോകുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാസ്‍പോര്‍ട്ട് കൈമാറ്റം ചെയ്യരുതെന്നും മയക്കു മരുന്നോ ലഹരി വസ്തുക്കളോ കൈവശം വെക്കരുതെന്നും നിര്‍ദേശമുണ്ട്.

കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പാസ്‍പോര്‍ട്ട് കൈമാറ്റം ചെയ്യരുതെന്നും മയക്കു മരുന്നോ ലഹരി വസ്തുക്കളോ കൈവശം വെക്കരുതെന്നും നിര്‍ദേശമുണ്ട്.

കുവൈത്തിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിനു മുന്‍പും യാത്രക്കിടയിലും കുവൈത്തില്‍ എത്തിയാലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണു എംബസി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. ജോലി ലഭിക്കുന്നതിനായി പാസ്‌പോര്‍ട്ട് വിസ എജന്റിനോ വിദേശിയായ തൊഴില്‍ ഉടമക്കോ കൈമാറരുതെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലാത്ത സര്‍ക്കാര്‍ രേഖയാണ് പാസ്‌പോര്‍ട്ടെന്നും എംബസി ഓര്‍മിപ്പിച്ചു. പ്രോട്ടക്ട്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സിന്റെ അംഗീകാരമുള്ള റിക്രൂട്ടിങ് ഏജന്‍സി വഴി മാത്രം ജോലി തേടുക. റിക്രൂട്ടിങ് ഏജന്‍സിയോട് തൊഴിലുടമയുടെ ഡിമാന്റ് ലെറ്ററും പവര്‍ ഓഫ് അറ്റോര്‍ണിയും കാണിക്കാന്‍ ആവശ്യപ്പെടണം. തൊഴില്‍ കരാറിലെ ശമ്പളമുള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുക തുടങ്ങിയവയാണ് ജോലി തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

Advertising
Advertising

അവിദഗ്ധ തൊഴിലാളികളും ഗാര്‍ഹിക വിസയില്‍ വരുന്നവരും തൊഴില്‍ രേഖകള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയതാണെന്ന് ഉറപ്പാക്കണമെന്നും എംബസി നിര്‍ദേശിച്ചു. ജോലിക്കായി വരുന്നവര്‍ കൈവശമുള്ളത് തൊഴില്‍വിസ തന്നെയാണെന്ന് ഉറപ്പുവരുത്തുക. യാത്ര തൊഴില്‍ രേഖകളുടെ പകര്‍പ്പ് വീട്ടില്‍ സൂക്ഷിക്കുക, പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കലാവധിയുണ്ടെന്ന് ഉറപ്പുവരുത്തുക, സ്റ്റാമ്പ് ചെയ്ത വിസയുടെയും പാസ്‌പോര്‍ട്ടിന്റെയും പകര്‍പ്പ്, രജിസ്‌റ്റേര്‍ഡ് റിക്രൂട്ടിങ് ഏജന്റ് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാറിന്റെ പകര്‍പ്പ് എന്നിവ കൈവശമുണ്ടായിരിക്കുക തുടങ്ങിയകാര്യങ്ങള്‍ യാത്രക്ക് മുന്‍പ് ഉറപ്പു വരുത്തേണ്ടതാണ്. കുവൈത്തിലെത്തിയ ഉടന്‍ താമസസ്ഥലത്തെ രണ്ട് ആളുകളുടെ പേരും ഫോണ്‍ നമ്പറും ഇന്ത്യന്‍ എംബസിയുടെ മേല്‍വിലാസവും നമ്പറും നാട്ടിലുള്ള കുടുംബത്തിന് കൈമാറണമെന്നും എത്രയും പെട്ടെന്ന് താമസാനുമതി രേഖ കരസ്ഥമാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നാട് വിട്ടാല്‍ തൊഴില്‍ കരാറിലോ ബാങ്ക് പേപ്പറുകളിലോ ഒപ്പിടരുതെന്നും തൊഴില്‍ സംബന്ധിയായ എല്ലാ പ്രശ്നങ്ങള്‍ക്കും ഇന്ത്യന്‍ എംബസിയെ സമീപിക്കാമെന്നും എംബസി നിര്‍ദേശിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News