മസ്ജിദുല്‍ ഹറാമിനോട് ചേര്‍ത്ത ഭാഗങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശം

Update: 2017-12-06 13:40 GMT
മസ്ജിദുല്‍ ഹറാമിനോട് ചേര്‍ത്ത ഭാഗങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശം
Advertising

പുതിയ വികസനത്തിന്റെ ഭാഗമായ മതാഫ് ഏരിയകളും മതാഫിന്റെ എല്ലാ നിലകളുമടക്കം പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചു

Full View

മക്ക ഹറമില്‍ പുതിയ വികസനത്തിന്റെ ഭാഗമായി മസ്ജിദുല്‍ ഹറാമിനോട് ചേര്‍ത്ത ഭാഗങ്ങളും മുറ്റങ്ങളുമെല്ലാം ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള സാഹചര്യങ്ങളൊരുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ വികസനത്തിന്റെ ഭാഗമായ മതാഫ് ഏരിയകളും മതാഫിന്റെ എല്ലാ നിലകളുമടക്കം പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചു. മതാഫ് വികസന ഭാഗങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാല്‍ മണിക്കൂറില്‍ 1,07,000 തീര്‍ഥാടകര്‍ക്ക് ത്വവാഫ് ചെയ്യാനാകും.

ഹറമില്‍ തീര്‍ഥാടകര്‍ക്ക് അനുഗുണമായ എല്ലാ സേവനങ്ങളും ലഭ്യമാക്കണം. ശൗച്യാലയങ്ങളുടെയും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളുടെയും വൃത്തിയും വെടിപ്പും സദാ കാത്തുസൂക്ഷിക്കണമെന്നും രാജാവ് നിര്‍ദ്ദേശിച്ചു. ഹറമിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ശൗച്യാലയങ്ങളും അംഗ ശുദ്ധിവരുത്താനുള്ള കേന്ദ്രങ്ങളും ഏകദേശം 16,300 എണ്ണം വരും. മസ്ജിദുല്‍ ഹറാമിന്റെ അകത്തും പുറത്തും സംസം ജലം ലഭ്യമാക്കുക, എലിവേറ്ററുകള്‍, എയര്‍കണ്ടീഷനറുകള്‍, ലൈറ്റ്, ടെലിവിഷന്‍ സ്ക്രീന്‍ സേവനങ്ങള്‍ തുടങ്ങി ഹറമിലെ മുഴുവന്‍ സൗകര്യങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളും നിര്‍ദ്ദേശങ്ങളിലുണ്ട്. തീര്‍ഥാടകര്‍ ഹറമിലേക്ക് വരുന്ന വഴികളും ടണലുകളുമെല്ലാം സുരക്ഷ ഉറപ്പുവരുത്തണമെന്നും മസ്ജിദുല്‍ ഹറാമിലെ മുഖ്യ വാതിലുകളെല്ലാം തുറന്നിടുമെന്നും തീര്‍ഥാടകര്‍ക്ക് പ്രയാസം നേരിടുന്ന യാതൊരു നടപടികളും കൈകൊള്ളരുതെന്നും രാജാവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജിന്റെ നാളുകള്‍ അടുത്തുവരികയും തീര്‍ഥാടകര്‍ മക്കയില്‍ കേന്ദ്രീകരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് സൗദി ഭരണാധികാരിയുടെ പ്രഖ്യാപനം. മിന വികസനത്തിന്റെ ഭാഗമായി ഇതിനകം തയാറായിക്കഴിഞ്ഞ ഏരിയകള്‍ തീര്‍ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags:    

Writer - സിദ്ദിഹ പി എസ്

contributor

Editor - സിദ്ദിഹ പി എസ്

contributor

Jaisy - സിദ്ദിഹ പി എസ്

contributor

Similar News