അമേരിക്കയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇനി സൌദി അരാംകോയ്ക്ക്

Update: 2018-01-12 12:21 GMT
Editor : admin
അമേരിക്കയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇനി സൌദി അരാംകോയ്ക്ക്

അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇനി സൗദി അരാംകോയ്ക്ക് സ്വന്തം.

അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇനി സൗദി അരാംകോക്ക് സ്വന്തം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ടെക്സാസിലെ പോര്‍ട്ട് ആര്‍തര്‍ റിഫൈനറിയാണ് പിരിച്ചുവിടല്‍ കരാറുകളുടെ ഭാഗമായി അരാംകോക്ക് ലഭിക്കുന്നത്. അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര എണ്ണക്കമ്പനിയായ റോയല്‍ ഡച്ച് ഷെല്ലും അരാംകോയും സംയുക്തമായി 1998 ല്‍ സ്ഥാപിച്ചതാണ് മോട്ടിവ എന്‍റര്‍പ്രൈസസ്.

സൗദി അരാംകോയുടെ സൗദി റിഫൈനിങ് ഇന്‍കോര്‍പറേഷന്റെയും റോയല്‍ ഡച്ച് ഷെല്ലിന്റെ ഷെല്‍ ഓയില്‍ കമ്പനിയുടെയും 50-50 ഓഹരി അടിസ്ഥാനത്തില്‍ യു.എസിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായാണ് മോട്ടിവ പ്രവര്‍ത്തിച്ചുവന്നത്. മൂന്നു റിഫൈനറികളായിരുന്നു അമേരിക്കയില്‍ മോട്ടിവയുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. മൂന്നിടത്തുമായി പ്രതിദിനം 11 ലക്ഷം ബാരലായിരുന്നു ഉല്‍പാദന ശേഷി. രണ്ടുദശകത്തോളം നീണ്ട സഹകരണത്തിനൊടുവില്‍ ഇരു സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ വ്യത്യസ്ത ദിശകളിലായിരുന്നു. തുടര്‍ന്ന് സംയുക്ത പദ്ധതികള്‍ അവസാനിപ്പിക്കാനും ആസ്തികള്‍ വീതിച്ചെടുക്കാനും തീരുമാനമായത്. ഇതുപ്രകാരം 26 വിതരണ ടെര്‍മിനലുകള്‍ ഉള്ള, പ്രതിദിനം ആറുലക്ഷത്തോളം ബാരല്‍ ഉല്‍പാദക ശേഷിയുള്ള പോര്‍ട്ട് ആര്‍തര്‍ റിഫൈനറി അരാംകോയുടെ പൂര്‍ണ നിയന്ത്രണത്തില്‍ വരും. ഒപ്പം മോട്ടിവ എന്ന ബ്രാന്‍ഡ് നാമവും അവര്‍ക്ക് കൈവശം സൂക്ഷിക്കാനുള്ള അവകാശം ലഭിക്കും.

Advertising
Advertising

60 വര്‍ഷമായി അമേരിക്കയില്‍ അരാംകോയുടെ സാന്നിധ്യമുണ്ട്. നിരവധി വര്‍ഷങ്ങളായി മോട്ടിവ സംയുക്ത പദ്ധതി മികച്ച നിലയില്‍ പുരോഗമിക്കുന്നു. ഇതിപ്പോള്‍ ഇരുകമ്പനികള്‍ക്കും സ്വന്തം നിലയില്‍ പദ്ധതികള്‍ രൂപപ്പെടുത്താനുള്ള അവസരമാണ്. പോര്‍ട്ട് ആര്‍തര്‍ അരാംകോയുടെ ആഗോള ഡൗണ്‍സ്ട്രീം പദ്ധതിയുടെ ഭാഗമായി മാറും. പിന്നീട് ടെക്സാക്കോ എന്ന് പേരുമാറ്റിയ ടെക്സാസ് കമ്പനിയാണ് 1902 ല്‍ മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്ത് പോര്‍ട്ട് ആര്‍തര്‍ റിഫൈനറി സ്ഥാപിക്കുന്നത്. 1989 ല്‍ ടെക്സാക്കോയില്‍ നിന്ന് 50 ശതമാനം ഓഹരികള്‍ സൗദി റിഫൈനിങ് ഇന്‍കോര്‍പറേഷന്‍ വാങ്ങി. 2001 ല്‍ ടെക്സാക്കോയെ ഷെവ്റോണ്‍ സ്വന്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News