നഴ്സിംഗ് നിയമനത്തില്‍ ക്രമക്കേട് ഇല്ലാതാക്കാന്‍ കർശന നടപടികൾ സ്വീകരിച്ചതായി കുവൈത്ത്

Update: 2018-03-21 03:01 GMT
Editor : Jaisy
നഴ്സിംഗ് നിയമനത്തില്‍ ക്രമക്കേട് ഇല്ലാതാക്കാന്‍ കർശന നടപടികൾ സ്വീകരിച്ചതായി കുവൈത്ത്
Advertising

ആരോഗ്യമന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയും തമ്മിൽ ഇക്കാര്യത്തില്‍ ധാരണയായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു

ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനത്തിൽ അഴിമതിയും ക്രമക്കേടുകളും ഇല്ലാതാക്കാൻ കർശന നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ.ജമാർ അൽ ഹർബി. ഇന്ത്യ ഗവണ്‍മെന്റിന്റെ ഇ-മൈഗ്രേറ്റ് സംവിധാനം വഴി രജിസ്റ്റർ ചെയ്യുന്ന കുവൈത്തിലെ അംഗീകൃത കമ്പനികൾ മുഖേന മാത്രമേ ഇന്ത്യയിൽനിന്നുള്ള നഴ്സ് നിയമനം ഉണ്ടാവുകയുള്ളൂ. ആരോഗ്യമന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയും തമ്മിൽ ഇക്കാര്യത്തില്‍ ധാരണയായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Full View

ക്രമക്കേടുകൾ തടയാൻ മെച്ചപ്പെട്ടരീതിയിൽ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഇ-മൈഗ്രേറ്റ് സംവിധാനം. ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച കമ്പനികളുമായി മാത്രമേ കുവൈത്ത് കമ്പനികൾ ബന്ധപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയില്ലാത്തതും അംഗീകാ‍രമില്ലാത്തതുമാ‍യ കമ്പനികൾ വഴി ഇന്ത്യയിൽനിന്നു നഴ്സ് റിക്രൂട്ട്മെന്റ് നടന്നതിന്റെ പ്രശ്നങ്ങൾ നേരത്തെയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയിൽനിന്നുള്ള നഴ്സ് നിയമനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിനായി നിയമിക്കപ്പെട്ട പാർലമെന്റു കമ്മിറ്റി ആരോഗ്യമന്ത്രാലയം ഒപ്പുവച്ച നഴ്സിങ് കരാറുകൾ പരിശോധിക്കാൻ ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി.

അതേസമയം കുവൈത്തിൽ ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ റിക്രൂട്ട്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ, ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിനിൽ നിന്നും കുവൈത്ത്‌ പാർലമെന്റ്‌ അന്വേഷണ സമിതി തെളിവ്‌ രേഖപ്പെടുത്താൻ തീരുമാനിച്ചു.കഴിഞ്ഞ ദിവസം അന്വേഷണ സമിതി അധ്യക്ഷൻ സാലിഹ്‌ അൽ ഖുർഷിദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു ഇക്കാര്യം തീരുമാനിച്ചത്‌. ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം നടത്തിവരുകയാണ് . സർക്കാർ നിശ്ചയിച്ചതിന്റെ 100 ഇരട്ടിയിലേറെ പണം കൈപ്പറ്റിയ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തിയ കേസിൽ മലയാളി ഏജൻസി ഉടമ ഉതുപ്പ് വർഗീസിനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്‌.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News