ഇന്ത്യ-യുഎഇ വ്യോമസഹകരണം വര്‍ധിപ്പിക്കും
ഇന്ത്യൻ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയുമായി നടത്തിയ ചർച്ചയിൽ യുഎഇ അംബാസഡർ ഡോ. അഹ്മദ് അബ്ദു റഹ്മാൻ അൽ ബന്നയാണ് ഇക്കാര്യം അറിയിച്ചത്
ഇന്ത്യയും യുഎഇയും തമ്മിലെ വ്യോമയാന സഹകരണം വിപുലമാക്കാൻ ധാരണ. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ തുടങ്ങാനും സീറ്റ് ക്വാട്ട വർധിപ്പിക്കാനും യുഎഇ സന്നദ്ധത അറിയിച്ചു. ഇന്ത്യൻ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയുമായി നടത്തിയ ചർച്ചയിൽ യുഎഇ അംബാസഡർ ഡോ. അഹ്മദ് അബ്ദു റഹ്മാൻ അൽ ബന്നയാണ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലെ വ്യോമഗതാഗത ഉടമ്പടി പുതുക്കുന്നതു സംബന്ധിച്ച് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും സിവിൽ ഏവിയേഷൻ ഒഫ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ഉന്നത പ്രതിനിധികൾ ഒക്ടോബർ ആദ്യ വാരം വിശദ ചർച്ച നടത്തും.
ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകളാരംഭിക്കാനും പ്രാദേശിക വിമാനത്താവളങ്ങളിലേക്ക് കൂടുതൽ റൂട്ടുകൾ തുറക്കാനും സന്നദ്ധമാണെന്ന് യു.എ.ഇ വ്യക്തമാക്കി. ഇതു പ്രാവർത്തികമായാൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വിമാന യാത്രാ നിരക്കിൽ നല്ല കുറവു വരും. ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന്റെ ഭാഗമായി തുറന്ന ആകാശ നയത്തിന്റെ സാധ്യതകളും ആരായും.
യു.എ.ഇ-ഇന്ത്യ വ്യോമ സേവന ഉടമ്പടി പ്രകാരം വിമാന സീറ്റുകളുടെ 80 ശതമാനത്തിനു മുകളിൽ യാത്രക്കാർ വരുന്ന ഘട്ടത്തിൽ ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ക്വാട്ട പുതുക്കേണ്ടതുണ്ട്. നിലവിൽ ഇതു 100 ശതമാനവും അതിനു മുകളിലുമാണ് യാത്രക്കാരുടെ തിരക്ക്. ആഴ്ചയിൽ 130,000 സീറ്റുകളാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. തിരക്കു കൂടുന്നതിനനുസരിച്ച് നിരക്ക് കൂട്ടാനുള്ള വ്യഗ്രതയിൽ ഇന്ത്യൻ വിമാന കമ്പനികൾ ക്വാട്ട പുതുക്കാനോ ചർച്ചകൾക്കോ തയ്യാറാവാറില്ല. എന്നാൽ ഇന്ത്യയിലേക്ക് സർവീസുകൾ വർധിപ്പിക്കാൻ യു.എ.ഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.