30,000 ടൺ ഉത്പാദനശേഷി...; നിസ്‌വയിൽ പുതിയ ഈത്തപ്പഴ വാണിജ്യ കോംപ്ലക്സ് തുറന്നു
35,000 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തൃതി
മസ്കത്ത്: നിസ്‌വയിൽ പുതിയ ഈത്തപ്പഴ വാണിജ്യ കോംപ്ലക്സ് തുറന്ന് ഒമാൻ അഗ്രികൾച്ചർ ഡെവലപ്മെന്റ് കമ്പനി. 35,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള കെട്ടിടമാണ് ഒരുങ്ങിയത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർശിദിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. വ്യാവസായിക മാനദണ്ഡങ്ങൾക്കനുസൃതമായി ഒമാനി ഈന്തപ്പഴ സംസ്‌കരണ വ്യവസായങ്ങളുടെ വികസനത്തിന് മുതൽകൂട്ടാവുന്ന പദ്ധതിയാണിത്.
വാർഷിക ഉത്പാദന ശേഷി 30,000 ടണ്ണാണ്. കൂടാതെ ഫ്രോസൻ, ചിൽഡ്, ഡ്രൈ തുടങ്ങി വിവിധ സംഭരണ രീതികൾ ഉപയോഗിച്ച് 30,000 പാലറ്റുകളുടെ സംഭരണ ശേഷിയും ഉണ്ട്.18,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രോസസിങ് ഹാളുകളാണ് കോംപ്ലക്സിൽ ഒരുക്കിയിട്ടുള്ളത്. വിളവെടുപ്പിനു ശേഷമുള്ള എല്ലാ പ്രവർത്തനങ്ങളും ഇവിടെയാണ് നടക്കുക.
കോംപ്ലക്സിലെ എല്ലാ പ്രവർത്തനങ്ങളും ഉയർന്ന ഗുണനിലവാരത്തിലുള്ളതും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് അധികൃതർ അറിയിച്ചു. പദ്ധതി ഇതിനകം നിരവധി അന്താരാഷ്ട്ര നിലവാര സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ട്. സൗരോർജം ഉപയോഗിക്കൽ, ജല പുനരുപയോഗം തുടങ്ങിയ പരിസ്ഥിതി സൗഹൃദ പരിഹാരങ്ങളും സ്വീകരിച്ചിട്ടുണ്ട്.