വാദി സാറൂജ് ഡാം ഇനി വിനോദസഞ്ചാര കേന്ദ്രം
മുസന്ദമിലെ ഡാം വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു
മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലുള്ള മദ്ഹാ വിലായത്തിലെ വാദി സാറൂജ് ഡാം ഇനി വിനോദസഞ്ചാര കേന്ദ്രം. വിനോദസഞ്ചാര കേന്ദ്രമായി പ്രദേശം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പ്രഖ്യാപിച്ചു.
ഒമാന്റെ പ്രകൃതിദത്ത ജല അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ടൂറിസം രംഗം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡാമിന് അഭിമുഖമായി കഫേ, പ്രകൃതി ആസ്വദിച്ച് ഇരിക്കാവുന്ന ഔട്ട്‌ഡോർ ഇരിപ്പിടങ്ങൾ, 5,076 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഡാമിന്റെ മുൻവശത്തെ കാഴ്ചകൾ ആസ്വദിക്കാനാകുന്ന തരത്തിലുള്ള റെസ്റ്റോറന്റ് എന്നിവയാണ് ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. സുൽത്താൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽസഅദി ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റാണ് വികസന പ്രവൃത്തികൾ നടത്തുക. പദ്ധതി മുസന്ദമിലെ ടൂറിസം വർധിപ്പിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
51.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വൃഷ്ടിപ്രദേശമാണ് വാദി സാറൂജ് ഡാമിനുള്ളത്. 220 മില്ലിമീറ്റർ ശരാശരി വാർഷിക മഴയാണ് ഇവിടെ ലഭിക്കുന്നത്. ഏകദേശം 1.35 ദശലക്ഷം ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുണ്ട്. 160.8 മീറ്റർ നീളവും 125.5 മീറ്റർ ഉയരവുമുള്ള ഈ അണക്കെട്ടിന് കോൺക്രീറ്റ് സ്പിൽവേ ഉണ്ട്.