ഒളിമ്പിക്‌സില്‍ ഇത്തവണ കുവൈത്ത് പ്രാതിനിധ്യം ഉണ്ടാവില്ല

Update: 2018-04-25 10:36 GMT
Editor : admin
ഒളിമ്പിക്‌സില്‍ ഇത്തവണ കുവൈത്ത് പ്രാതിനിധ്യം ഉണ്ടാവില്ല

അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലിന്റെ വിലക്കുള്ളതിനാലാണ് ഈ വര്‍ഷം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കാനിരിക്കുന്ന കായിക മാമാങ്കത്തിലേക്കുള്ള കുവൈത്തിന്റെ വഴി അടഞ്ഞത്.

ഇത്തവണത്തെ ഒളിമ്പിക്‌സ് മത്സരങ്ങളില്‍ കുവൈത്തിന് പങ്കെടുക്കാനുള്ള സാധ്യത അടയുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലിന്റെ വിലക്കുള്ളതിനാലാണ് ഈ വര്‍ഷം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കാനിരിക്കുന്ന കായിക മാമാങ്കത്തിലേക്കുള്ള കുവൈത്തിന്റെ വഴി അടഞ്ഞത്. വിലക്ക് തുടരുമെന്നും കുവൈത്ത് കായിക താരങ്ങള്‍ക്ക് വേണമെങ്കില്‍ ഒളിമ്പിക് പതാകക്ക് കീഴില്‍ സ്വതന്ത്രരായി മല്‍സരിക്കാമെന്നുമാണ് ഐഒസി നിലപാട്.

2015 ഒക്‌റ്റോബര്‍ 27 നു ചേര്‍ന്ന ഐ ഒ സി നിര്‍വാഹക സമിതി യോഗമാണ് കുവൈത്ത് ഒളിമ്പിക്‌സ് അസോസിയേഷനെ സസ്‌പെന്റ് ചെയ്തത്. കുവൈത്ത് കായിക നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. നിയമം, കായിക സമിതി പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ അമിത ഇടപെടലിന് കളമൊരുക്കുന്നു എന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആരോപണം. രാജ്യത്തെ കായികമേഖലയെ ശക്തിപ്പെടുത്തുന്നതാണ് നിലവിലെ നിയമമെന്ന നിലപാടില്‍ കുവൈത്തും ഉറച്ചു നില്‍ക്കുകയാണ്. റിയോ ഒളിമ്പിക്‌സിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ വിലക്ക് നീക്കാനുള്ള സാഹചര്യം ആയിട്ടില്ലെന്നാണ് ഐഒ സി വൃത്തങ്ങള്‍ നല്കുന്ന സൂചന. അതേസമയം കുവൈത്ത് താരങ്ങളെ ഒളിമ്പിക് പതാകക്ക് കീഴില്‍ മത്സരിപ്പിക്കാമെന്നു കഴിഞ്ഞ ആഴ്ച ലൌസാനയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി ഒളിമ്പിക് കമ്മിറ്റി വക്താവ് അറിയിച്ചു.

കുവൈത്തിന്റെ നിലപാടുകള്‍ കൊണ്ടാണ് വിലക്ക് തുടരുന്നതെന്നും പ്രശ്‌നപരിഹാരത്തിനുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നു കിടക്കുകയാണെന്നും ഐഒ സി വക്താവ് കൂട്ടിച്ചേര്‍ത്തു. ഫുട്ബാള്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനും കുവൈത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News