അല്‍ജസീറയുടെ ദോഹ മാധ്യമസമ്മേളനത്തിന് സമാപനം

Update: 2018-05-03 04:51 GMT
അല്‍ജസീറയുടെ ദോഹ മാധ്യമസമ്മേളനത്തിന് സമാപനം

64 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ മേധാവികളും സാങ്കേതിക വിദഗ്ദരും പങ്കെടുത്തു

ദൃശ്യമാധ്യമ രംഗത്ത് കുതിച്ച് ചാട്ടത്തിന് വഴിതെളിയിക്കുന്ന ക്ലൗഡ് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മുന്‍ നിര്‍ത്തി അല്‍ജസീറ മീഡിയാനെറ്റ് വര്‍ക്ക് സംഘടിപ്പിച്ച രണ്ട്ദിവസം നീണ്ട മാധ്യമസമ്മേളനം ദോഹയില്‍ സമാപിച്ചു. 64 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ മേധാവികളും സാങ്കേതിക വിദഗ്ദരുമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

പേള്‍ഖത്തറിലെ കെന്‍പന്‍സ്‌കി ഹോട്ടലില്‍ നടന്ന ദ്വിദിന മാധ്യമ സമ്മേളത്തില്‍ ദൃശ്യമാധ്യമ രംഗത്തെ ഭാവിസാധ്യതകളിലേക്കാണ് വെളിച്ചം വീശിയത്. ക്ലൗഡ് സാങ്കേതിക ദൃശ്യമാധ്യമ രംഗത്ത് അറ്റമില്ലാത്ത സാധ്യതകളാണ് തുറന്നിടുന്നതെന്ന് സമ്മേളനം വിലയിരുത്തി. ടെലിവിഷന്‍ മാധ്യമരംഗത്ത് കുതിച്ചു ചാട്ടത്തിന് ലോകം വൈകാതെ സാക്ഷ്യം വഹിക്കുമെന്നും സാധ്യതകള്‍ പ്രയോജനപ്പെടുത്തി വാര്‍ത്താവിപ്ലവത്തിന് കരുത്തേകാമെന്നും സമാപനസമ്മേളനത്തില്‍ സംസാരിച്ച അല്‍ജസീറ ഡയറക്ടര്‍ ജനറല്‍ മുസ്ഥഫ സ്വവാഖ് പറഞ്ഞു. ബിബിസി, സിഎന്‍എന്‍ ഫോക്‌സ് ന്യൂസ്, സ്‌കൈ തുടങ്ങി ആഗോള മാധ്യമങ്ങളുടെയും ഗൂഗിള്‍ മൈക്രോസോഫ്റ്റ് സിസ്‌കോ അവിഡ്, തുടങ്ങിയ സാങ്കേതിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് പ്രതീക്ഷിച്ചതിലും കൂടുതല്‍ മികവാണ് പരിപാടിക്ക് ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

64 രാജ്യങ്ങളില്‍ നിന്നുള്ള 400 ലധികം പ്രതിനിധികളും 200 ലധികം സ്ഥാപനങ്ങളുമാണ് രണ്ടാമത് മീഡിയാ ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുത്തത്. ക്ലൗഡ് സാങ്കേതികതയെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ സജീവമായി നടന്ന സമ്മേളനം സമാന്തര സെഷനുകളിലൂടെ ദൃശ്യമാധ്യമ രംഗത്തെ മാറ്റങ്ങളും പ്രശ്‌നങ്ങളും സാധ്യതകളുമെല്ലാം വിലയിരുത്തി. ദോഹയിലെ അല്‍ ജസീറ അറബിക് ഇംഗ്ലീഷ് ചാനലുകളുടെ ആസ്ഥാനത്ത് സമ്മേളന പ്രതിനിധികള്‍ക്ക് സ്വീകരണവുമൊരുക്കിയിരുന്നു.

Similar News