ഖത്തറിനു നേരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണം; പ്രതിരോധിച്ച് സായുധ സേന

സംഘർഷങ്ങൾക്കിടെ കുവൈത്ത് വിദേശകാര്യമന്ത്രി ദോഹയിലെത്തി

Update: 2026-04-05 17:42 GMT

ദോഹ: ചെറിയ ഇടവേളയ്ക്ക് ശേഷം ഖത്തറിൽ വീണ്ടും ഇറാന്റെ ആക്രമണം. ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ സായുധസേന നിർവീര്യമാക്കിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷങ്ങൾക്കിടെ കുവൈത്ത് വിദേശകാര്യമന്ത്രി ദോഹയിലെത്തി.

ഞായറാഴ്ച വൈകിട്ട് അഞ്ചേ മുക്കാലിനാണ് ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ഡ്രോണുകൾക്കൊപ്പം രണ്ട് ക്രൂയിസ് മിസൈലുകൾ കൂടി ഇറാൻ ആക്രമണത്തിന് ഉപയോഗിച്ചെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ എല്ലാ ആക്രമണങ്ങളെയും സായുധ സേന നിർവീര്യമാക്കി. ഏപ്രിൽ ഒന്നിനാണ് ഇതിനു മുമ്പ് ഇറാൻ ക്രൂയിസ് മിസൈൽ ഉപയോഗിച്ച് ഖത്തറിൽ ആക്രമണം നടത്തിയത്. അന്ന് തൊടുത്ത മൂന്ന് മിസൈലുകളിൽ രണ്ടെണ്ണം സായുധ സേന പ്രതിരോധിച്ചു. ഒന്ന് ഖത്തർ എനർജിയുടെ നിയന്ത്രണത്തിലുള്ള അക്വ വൺ എണ്ണ ടാങ്കറിൽ പതിച്ച് നാശനഷ്ടങ്ങളുണ്ടായിരുന്നു.

സംഘർഷങ്ങൾക്കിടെ, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിലായിരുന്നു അമീറുമായുള്ള ചർച്ച. മേഖലയിലെ സൈനിക സംഘർഷങ്ങളും വിവിധ മേഖലകളിൽ അതുണ്ടാകുന്ന പ്രത്യാഘാതങ്ങളും നേതാക്കൾ ചർച്ച ചെയ്തു. ഇന്നലെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായും അമീർ ദോഹയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News