ഷാര്‍ജ എയര്‍പോര്‍ട്ടിലും എക്‌സിറ്റ് ഫീ

Update: 2018-05-04 11:43 GMT
Editor : admin
ഷാര്‍ജ എയര്‍പോര്‍ട്ടിലും എക്‌സിറ്റ് ഫീ
Advertising

ഷാര്‍ജ എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 35 ദിര്‍ഹം ഈടാക്കാനാണ് അധികൃതരുടെ തീരുമാനം...

ദുബൈ വിമാനത്താവളങ്ങള്‍ക്കു പിന്നാലെ ഷാര്‍ജ എയര്‍പോര്‍ട്ടിലും എക്‌സിറ്റ് ഫീ ഏര്‍പ്പെടുത്തും. ഷാര്‍ജ എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്യുന്നവരില്‍ നിന്ന് 35 ദിര്‍ഹം ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.

ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നുള്ള സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്ന് എക്‌സിറ്റ് ഫീ ഈടാക്കാനുള്ള തീരുമാനത്തിന് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് അനുമതി നല്‍കിയത്. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഷാര്‍ജ ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ സാലിം ആല്‍ ഖാസ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍േറതാണ് തീരുമാനം. അതേ സമയം എക്‌സിറ്റ്് ഫീ എന്നുമുതല്‍ ഈടാക്കും എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ജൂലൈ ഒന്ന് മുതല്‍ യൂസേഴ്‌സ് ഫീ ഈടാക്കാനാണ് നേരത്തെ ദുബൈ തീരുമാനിച്ചത്.

എയര്‍പോര്‍ട്ടുകള്‍ മുഖേനയുള്ള ട്രാന്‍സിറ്റ് യാത്രക്കാരും ഫീ നല്‍കേണ്ടി വരും. എന്നാല്‍ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍, വിമാന ജീവനക്കാര്‍ എന്നിവര്‍ ഫീ നല്‍കേണ്ടതില്ല. ഗള്‍ഫ് മേഖലയിലെ പ്രമുഖ ബജറ്റ് എയര്‍ലൈന്‍ സര്‍വീസായ എയര്‍ അറേബ്യയുടെ ആസ്ഥാനം കൂടിയാണ് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം.

വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവും തുക വിനിയോഗിക്കുകയെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്. ദുബൈക്കു പിന്നാലെ ഷാര്‍ജയിലും യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അബൂദബി ഉള്‍പ്പെടെ മറ്റ് എമിറേറ്റുകളിലും സമാന നിലപാട് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News