ഗള്‍ഫ് നിര്‍മാണ മേഖല സാധാരണ നിലയിലേക്ക് 

Update: 2018-05-12 08:04 GMT
Editor : admin
ഗള്‍ഫ് നിര്‍മാണ മേഖല സാധാരണ നിലയിലേക്ക് 
Advertising

ചെലവു ചുരുക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഗള്‍ഫിലെ നിര്‍മാണ മേഖല 2018 ഓടെ സാധാരണ നില കൈവരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

Full View

ചെലവു ചുരുക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഗള്‍ഫിലെ നിര്‍മാണ മേഖല 2018 ഓടെ സാധാരണ നില കൈവരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നിര്‍മാണ മേഖലയില്‍ ലക്ഷങ്ങള്‍ക്ക് തൊഴിലവസരം ലഭ്യമാകുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എണ്ണവിലയിടിവിനെ തുടര്‍ന്ന് സര്‍ക്കാര്‍ വക ചെലവുകള്‍ വെട്ടിക്കുറച്ചതാണ് നിര്‍മാണ മേഖലക്ക് വന്‍ തിരിച്ചടിയായി മാറിയത്. സൗദി അറേബ്യയില്‍ ബിന്‍ലാദിന്‍ കമ്പനിയില്‍ നിന്ന് മാത്രം അടുത്തിടെ ലക്ഷത്തോളം പേരാണ് തൊഴില്‍രഹിതരായി മടങ്ങിയത്. ഏതായാലും നിലവിലെ പ്രതികൂല സാഹചര്യങ്ങള്‍ 2018ഓടെ നിര്‍മാണ മേഖല മറികടക്കുമെന്ന് ദുബൈ കേന്ദ്രമായ ഗവേഷണ സ്ഥാപനമായ 'മീഡ്' വിലയിരുത്തല്‍.

2018 ഓടെ എണ്ണവില ബാരലിന് 60 ഡോളറിനു മുകളില്‍ എത്തുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ എണ്ണവില ബാരലിന് ഇപ്പോള്‍ തന്നെ 48 ഡോളര്‍ വരെ ഉയര്‍ന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി മുഖേന 20 ബില്യന്‍ ഡോളറെങ്കിലും സമാഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധിക്കും. ഇതിനു പുറമെ ദുബൈയില്‍ നടക്കുന്ന എക്സ്പോ 2020, ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് എന്നിവയും നിര്‍മാണ മേഖലക്ക് ഊര്‍ജം പകരും. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് നിര്‍മാണ മേഖലയില്‍ വന്‍തുകയുടെ പദ്ധതികള്‍ പ്രഖ്യാപിക്കാനിരിക്കുന്നത്.

സാമ്പത്തിക കമ്മി പരിഹരിക്കപ്പെടുന്നതോടെ നിര്‍മാണ മേഖലയിലെ മാന്ദ്യം മറികടക്കുന്നത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാകും. സ്വകാര്യ പങ്കാളിത്തം ഉയര്‍ത്താനുള്ള സൗദിയുടെ വിഷന്‍ 2030 ഉള്‍പ്പെടെയുള്ള പദ്ധതികളും നിര്‍മാണ മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരും. അടിസ്ഥാന സൗകര്യ മേഖലയില്‍ നിര്‍ത്തിവെച്ച നിരവധി പദ്ധതികളും അടുത്ത വര്‍ഷം മധ്യത്തോടെ പുനരാരംഭിക്കും എന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News