ധനകമ്മി മറികടക്കാന് കുവൈത്ത് വിദേശ ബോണ്ടിറക്കുന്നു

Update: 2018-05-13 07:38 GMT
ധനകമ്മി മറികടക്കാന് കുവൈത്ത് വിദേശ ബോണ്ടിറക്കുന്നു

എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ധനകമ്മി മറികടക്കാൻ കുവൈത്ത് വിദേശ ബോണ്ടിറക്കുന്നു. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് 9.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിദേശ ബോണ്ടിറക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു. എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹ്രസ്വ മധ്യ കാല സാമ്പത്തിക പരിഷ്കരണ പദ്ധതികൾക്കു ധനമന്ത്രാലയം രൂപം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര വിദേശ വിപണികളിൽ നിന്ന് കടമെടുക്കാൻ കുവൈത്ത് ഒരുങ്ങുന്നത്. ആഭ്യന്തരവിപണിയിൽ നിന്ന് 6.6 ബില്യണ്‍ ഡോളർ കടമെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് വിദേശ കടമെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി പുറത്തു വിട്ടത്.

Advertising
Advertising

ക്രൂഡോയില്‍ വിലയിടിവിനെ തുടർന്ന് വരുമാനത്തിൽ ഉണ്ടായ ഇടിവ് കുവൈത്ത് ഉൾപ്പെടെയുള്ള എണ്ണയുത്പാദക രാജ്യങ്ങളുടെ ബജറ്റ് താളം തെറ്റിച്ചിരുന്നു. ബജറ്റ് കമ്മി പരിഹരിക്കുന്നതിനായി എണ്ണയിതര വരുമാനങ്ങൾ കണ്ടെത്തുക, ഇന്ധനം വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡി എടുത്തു മാറ്റുക, പൊതു ചെലവ് കുറക്കുക എന്നീ നിർദേശങ്ങളാണ് ലോക ബാങ്ക് ഉൾപ്പെടെയുള്ളവർ മുന്നോട്ടു വെച്ചത്. 2016-17 സാമ്പത്തിക വർഷത്തിൽ കണക്കാക്കപ്പെടുന്ന 40 ബില്ല്യൻ ഡോളറിൻറെ ബജറ്റ് കമ്മി നികത്താൻ കരുതൽനിധിയിൽ നിന്ന് പണം പിൻവലിക്കുകയോ കടമെടുക്കുകയോ മാത്രമാണ് പോംവഴിയെന്നു ധനമന്ത്രി ജൂലായിൽ പ്രസ്താവിച്ചിരുന്നു. രണ്ട് ദശകത്തിനിടെ ആദ്യമായാണ് കുവൈത്ത് വിദേശ ബോണ്ട് പുറത്തിറക്കാൻ ഒരുങ്ങുന്നത്.

Tags:    

Similar News