മീഡിയവൺ പ്രവാസോല്‍സവത്തിന്റെ ഒരുക്കങ്ങൾ സജീവമായി
കേരളത്തിന്റെ സാംസ്കാരിക പൈത്യകവും പാരമ്പര്യവും അനാവരണം ചെയ്യന്ന പരിപാടിയുടെ വിജയത്തിനായി ബഹ് റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പൗരപ്രമുഖരുടെ നേതൃത്വത്തിൽ നൂറ്റിപ്പത്തംഗ സ്വാഗതസംഘമാണ് പ്രവർത്തിക്കുന്നത്
ബഹ്റൈനിലെ മലയാളികൾക്ക് സ്നേഹോപഹാരമായി മീഡിയവൺ അവതരിപ്പിക്കുന്ന പ്രവാസോല്‍സവത്തിന്റെ ഒരുക്കങ്ങൾ സജീവമായി. നവംമ്പര്‍ 17 ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി നാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹ്യദ്യമായ മെഗാ എന്റര്‍ടെയ്നര്‍ ഷോ ആയിരിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
ഷാര്‍ജയിൽ പതിനായിരങ്ങള്‍ക്ക് മുന്നില്‍ മീഡിയ വണ്‍ അവതരിപ്പിച്ച പ്രവാസോൽസവത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും അനാവരണം ചെയ്യന്ന പരിപാടിയുടെ വിജയത്തിനായി ബഹ് റൈനിലെ സാമൂഹിക സാം
സ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പൗരപ്രമുഖരുടെ നേതൃത്വത്തിൽ നൂറ്റിപ്പത്തംഗ സ്വാഗതസംഘമാണ് പ്രവർത്തിക്കുന്നത്. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കുന്ന ഇൻഫോടെയ്ന്മെന്റ് ഷോ ആയാണ് 'പ്രവാസേല്‍സവം' ഒരുക്കുന്നത്. പ്രവാസി മലയാളിയുടെ ഗൃഹാതുരമായ കാഴ്ചകള്‍ നിറയുന്ന രംഗവേദിയില്‍ സംഗീതത്തിനും ഹാസ്യത്തിനും പ്രാധാന്യമുള്ള നിരവധി കലാവിഷ്കാരങ്ങള്‍ അരങ്ങേറും . പതിവ് സ്റ്റേജ് ഷോകളില്‍ നിന്ന് ഉള്ളടക്കം കൊണ്ട് വ്യത്യസ്തമാകുന്ന പരിപാടിയിൽ ഹാസ്യത്തിന്റെ മേമ്പൊടികളുമായി ജയരാജ് വാര്യര്‍ പരിപാടിയുടെ അവതാരകനാകും. ആത്മാവിനെ ആര്‍ദ്രമാക്കുന്ന ഗാനങ്ങളുമായി ജ്യോല്‍സനയും വയലിനിൽ വിസ്മയം തീർത്ത് ബാലഭാസ്കറും മാപ്പിള പ്പാട്ടിന്റെ ഇശലുകളുമായി കണ്ണൂര്‍ ശരീഫും തീര്‍ഥയും കാണികള്‍ക്ക് അവിസ്മരണീയമായ കലാവിരുന്നൊരുക്കും. ഒപ്പം വിധു പ്രതാപും നിഷാദുമടക്കമുള്ള കലാകാരന്മാരും വേദിയിലുണ്ടാകും.
നവംബര്‍ 17 വെള്ളിയാഴ്ച വെകുന്നേരം 6.30 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സ്വദേശിപ്രമുഖരടക്കം വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പരിപാടി ആസ്വദിക്കാനായി ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരത്തിലധികം ആളുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ചോയ്സ് അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിസിറ്റിയാണ് പരിപാടിയുടെ ഒഫീഷ്യല്‍ ഇവന്‍റ് മാനേജ്മെന്റ് കമ്പനി. മനാമ ഫുഡ് സിറ്റി പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ജമാല്‍ നദ്വി ഇരിങ്ങല്‍, ഉപദേശകസമിതി അംഗങ്ങളായ ഡോ. പി.വി ചെറിയാന്‍, സോമന്‍ ബേബി, പ്രിന്‍സ് നടരാജന്‍, എസ്.വി ജലീല്‍, സുബൈര്‍കണ്ണൂര്‍, ബിനു കുന്നന്താനം, ഡോ. ജോര്‍ജ് മാത്യൂ, സഈദ് റമദാന്‍ നദ്വി, എ.വി ഷെറിന്‍ തുടങ്ങിയവർ പങ്കെടുത്തു