സൌദിയിലേക്ക് മിസൈലയച്ച് വീണ്ടും ഹൂതികളുടെ പ്രകോപനം

Update: 2018-05-19 14:59 GMT
സൌദിയിലേക്ക് മിസൈലയച്ച് വീണ്ടും ഹൂതികളുടെ പ്രകോപനം

ജസാനിലെത്തിയ മിസൈല്‍ അതിര്‍ത്തിയില്‍ വെച്ച് പ്രതിരോധ സംവിധാനം തകര്‍ത്തു

സൌദിയിലേക്ക് മിസൈലയച്ച് വീണ്ടും ഹൂതികളുടെ പ്രകോപനം. ജസാനിലെത്തിയ മിസൈല്‍ അതിര്‍ത്തിയില്‍ വെച്ച് പ്രതിരോധ സംവിധാനം തകര്‍ത്തു. ഇതിന് പിന്നാലെ ഹൂതികളുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം സൌദി സഖ്യസേന തകര്‍ത്തു. യമനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൌദി 200 കോടി ഡോളര്‍ നല്‍കി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ജസാനിലേക്ക് ഹൂതികള്‍ മിസൈലയച്ചത്. ലക്ഷ്യത്തിലെത്തും മുന്പേ മിസൈല്‍ തകര്‍ത്തു. ഈ മാസം ഇത് രണ്ടാം തവണയാണ് ഹൂതികള്‍ സൌദിയിലേക്ക് മിസൈലയക്കുന്നത്. പ്രകോപനത്തിന് പിന്നാലെ സൌദി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹൂതി മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. നിരവധി ഹൂതികള്‍ കൊല്ലപ്പെട്ടതായും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഹൂതികളുടെ ശക്തി കേന്ദ്രമായ സദായിലേക്ക് യമന്‍ സൈന്യം മുന്നേറുന്നുണ്ട്. സഖ്യസേനയുടെ പിന്തുണയോടെയാണിത്.തലസ്ഥാനമായ സന്‍ആയും ഹൂതി നിയന്ത്രണത്തിലാണ്. അല്‍ ബദായ, നാതി എന്നീ മേഖലകളില്‍ ഭൂരിഭാഗവും സൈന്യം മോചിപ്പിച്ചു. കഴിഞ്ഞ ദിവസം ഹൂതികളുടെ രണ്ട് കേന്ദ്രങ്ങള്‍ സഖ്യസേന തകര്‍ത്തിരുന്നു. ഇതില്‍ ഹൂതി നേതാക്കളിലൊരാള്‍ക്ക് പരിക്കുണ്ട്. യമന്‍ സൈന്യം നടത്തിയ പരിശോധനയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച 9 പേരെയും വധിച്ചു. യുദ്ധക്കെടുതി രൂക്ഷമായ യമനിലേക്ക് സൌദി നേതൃത്വത്തില്‍ സഹായ ധനം അയച്ചു. യെമന്‍ സെന്‍ടരല്‍ ബാങ്കിലേക്ക് ഇരുന്നൂറ് കോടി ഡോളര്‍ സല്‍‌മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം ട്രാന്‍സഫര്‍ ചെയ്തു.

Tags:    

Similar News