ഖത്തര്‍ വെബ്‌സൈറ്റ് ഹാക്കിങിംല്‍ പങ്കില്ലെന്ന് യുഎഇ
വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി...
ഖത്തറിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പിന്നില്‍ തങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ യുഎഇ നിഷേധിച്ചു. വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷും, വാഷിങ്ടണിലെ യുഎഇ എംബസിയും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് നിഷേധിച്ചു. ഗള്‍ഫിലെ പുതിയ പ്രതിസന്ധിക്ക് കാരണമായി എന്ന് കരുതപ്പെടുന്ന ഖത്തര്‍ അമീറിന്റെ പ്രസ്താവന വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്ത് പ്രസിദ്ധീകരിച്ചതിന് പിന്നില്‍ യുഎഇക്ക് പങ്കുണ്ടെന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ഹാക്കിങ് ആരോപണവുമായി യുഎഇക്ക് യാതൊരുബന്ധവുമില്ലെന്ന് വാഷിങ്ടണിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.
തീവ്രവാദ സംഘങ്ങള്‍ക്ക് ഖത്തര്‍ പിന്തുണയും സഹായവും ചെയ്ത് മേഖലയില്‍ അസ്ഥിരതയുണ്ടാക്കി എന്നതാണ് വാസ്തവമെന്ന് എംബസി പറഞ്ഞു. റിപ്പോര്‍ട്ട് തികച്ചും സത്യവിരുദ്ധമാണെന്ന് ഡോ. ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി. ബിസിനസ് നിക്ഷേപങ്ങളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന വിധം ഉപരോധം ശക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഡോ. ഗര്‍ഗാഷ് നേരത്തേ ലണ്ടനില്‍ നടന്ന ഫോറത്തില്‍ വ്യക്തമാക്കി.