പ്രവാസികൾക്ക് പ്രതിസന്ധികളുണ്ടാവുമ്പോൾ സര്‍ക്കാര്‍ കൈത്താങ്ങാവണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം ജില്ലാ കെ.എം.സി.സി ജിദ്ദ കമ്മറ്റി ഏർപ്പെടുത്തിയിരിക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ മുൻ പ്രവാസികളെ കൂടി ഉൾപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു
രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികൾക്ക് പ്രതിസന്ധികളുണ്ടാവുമ്പോൾ അവർക്ക് കൈത്താങ്ങാവാൻ ഏതൊരു സർക്കാരിനും ബാധ്യതയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ . മലപ്പുറം ജില്ലാ കെ.എം.സി.സി ജിദ്ദ കമ്മറ്റി ഏർപ്പെടുത്തിയിരിക്കുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ മുൻ പ്രവാസികളെ കൂടി ഉൾപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
അങ്ങേ അറ്റം പ്രതിസന്ധികളിലൂടെയാണ് പ്രവാസികൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത് കണ്ടറിഞ്ഞു കേന്ദ്ര-കേരള സർക്കാരുകൾ അവർക്കായി ഉണർന്നു പ്രവർത്തിക്കണമെന്നു സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. മുമ്പ് യുപിഎ- യുഡിഎഫ് സർക്കാരുകൾ പ്രവാസികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അക്കാര്യങ്ങളിൽ മെല്ലെപ്പോക്ക് നയമാണ് കേന്ദ്ര-കേരള സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇരു സുന്നീ വിഭാഗങ്ങൾക്കിടയിൽ ഐക്യത്തിനായുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ശുഭ പ്രതീക്ഷയുണ്ടെങ്കിലും ചില കോണുകളിൽ നിന്നുള്ള പ്രതികരണങ്ങൾ ആശാവഹമല്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജിദ്ദയിലെ മലപ്പുറം ജില്ല കെ.എം.സി.സി കമ്മറ്റി പ്രവാസികൾക്കായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷാ പദ്ധതിയിൽ ഇനിമുതൽ മുൻ പ്രവാസികൾക്കും അംഗങ്ങളാവാമെന്ന് അദ്ദേഹം അറിയിച്ചു. അംഗങ്ങൾ മരിച്ചാൽ കുടുംബങ്ങൾക്ക് സഹായമായി നൽകുന്ന രണ്ടു ലക്ഷം രൂപ ഈ വർഷം മുതൽ അഞ്ചു ലക്ഷമായി ഉയർത്തിയിട്ടുണ്ട്. മാരക രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് മുപ്പതിനായിരം രൂപയോളം ചികിത്സ ആനൂകൂല്യവും ലഭിക്കും. പദ്ധതിയില്‍ മത-രാഷ്ടീയ ഭേദമന്യേ സ്ത്രീകള്‍ ഉൾപ്പെടെയുള്ള മുഴുവന്‍ പ്രവാസികള്‍ക്കും മുൻ പ്രവാസികൾക്കും അംഗത്വമെടുക്കാവുന്നതാണ്. ഇതിനോടകം നൂറുകണക്കിനാളുകള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ സാധിച്ച പദ്ധതിയില്‍ ഈ വർഷം പതിനായിരത്തിലധികം അംഗങ്ങളെ ചേര്‍ക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. ഗഫൂർ പട്ടിക്കാട്, ഉബൈദുള്ള തങ്ങൾ, ലത്തീഫ് മുസ്ലിയാരങ്ങാടി, വി.പി.ഉനൈസ്, പി.സി.എ റഹ്‌മാൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.