അജ്മാന്‍ ഫ്രീ സോണ്‍ പ്രതിനിധികള്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍

Update: 2018-05-27 01:31 GMT
അജ്മാന്‍ ഫ്രീ സോണ്‍ പ്രതിനിധികള്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍

ഇന്ത്യന്‍ മെട്രോ നഗരങ്ങളായ ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്

Full View

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ഓഫിസുകള്‍ തുറക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതിനും അജ്മാന്‍ ഫ്രീ സോണ്‍ പ്രതിനിധികള്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍. ഇന്ത്യന്‍ മെട്രോ നഗരങ്ങളായ ചെന്നൈ, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. 100 ശതമാനം വിദേശ ഉടമസ്ഥത, മൂലധനവും ലാഭവും സ്വദേശത്തേക്ക് മാറ്റാനുള്ള സൗകര്യം, കോര്‍പറേറ്റ്-വ്യക്തിഗത വരുമാന നികുതി ഒഴിവ്, ചരക്കുകള്‍ക്ക് ഇറക്കുമതി ചൂങ്കം ഒഴിവ്, നടപടിക്രമങ്ങള്‍ക്ക് കുറഞ്ഞ ചാര്‍ജ്, സുഗമമായ തൊഴിലാളി നിയമനം, ഏകജാലക സംവിധാനം തുടങ്ങിയ ആകര്‍ഷക വാഗ്ദാനങ്ങളാണ് ഫ്രീ സോണ്‍ ബിസിനസ് സംരഭകര്‍ക്ക് മുന്നില്‍ വെക്കുന്നത്.

Advertising
Advertising

യു.എ.ഇയിലും മറ്റു ജി.സി.സി രാജ്യങ്ങളിലും വളരെയധികം ഇന്ത്യക്കാര്‍ വസിക്കുന്നുവെന്നതിനാല്‍ ഇന്ത്യയും ഇന്ത്യയിലെ ബിസിനസ് സമൂഹവും തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് അജ്മാന്‍ ഫ്രീ സോണ്‍ ജനറല്‍ മാനേജര്‍ മഹ്മൂദ് ആല്‍ ഹാഷിമി അഭിപ്രായപ്പെട്ടു. ഒരു തരത്തിലുമുള്ള ചുവപ്പുനാടകളുമില്ലാത്ത സുസംഘടിതമായ ഉദ്യോഗസ്ഥ ഭരണ സംവിധാനമാണ് തങ്ങള്‍ക്കുള്ളത്. ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന അജ്മാന്‍ ഫ്രീ സോണില്‍ ഒളിഞ്ഞുകിടക്കുന്ന ഫീസുകളോ സേവനകൂലികളോ ഇല്ലെന്നും മഹ്മൂദ് ആല്‍ ഹാഷിമി പറഞ്ഞു.

യുഎഇയുമായി ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന മൂന്ന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അജ്മാന്‍ ഫ്രീ സോണില്‍ രജിസ്റ്റര്‍ ചെയ്ത 17,000 കമ്പനികളില്‍ 40 ശതമാനം ഇന്ത്യന്‍ വ്യാപാരികളുടെ ഉടമസ്ഥതയിലുള്ളവയാണ്.

Tags:    

Similar News