ഒളിവിലല്ലെന്ന് പീസ് സ്‌കൂള്‍ എംഡി
പൊലീസില്‍ നിന്നുണ്ടായതിനെക്കാള്‍ വലിയ പ്രയാസമാണ് സ്‌കൂളിനെതിരായ മാധ്യമ പ്രചാരണങ്ങള്‍ സ്യഷ്ടിച്ചതെന്നും എം എം അക്ബര്‍ പറഞ്ഞു.
ജോലിയാവശ്യാര്‍ത്ഥം ഖത്തറില്‍ തങ്ങുന്ന താന്‍ ഒളിവിലാണെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പീസ് സ്‌കൂളുടെ മാനേജിംഗ് ഡയറക്ടറുമായ എംഎം അക്ബര്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങളിലൂടെ ഇസ്ലാമോഫോബിയ വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം ദോഹയില്‍ മീഡിയാ വണിനോട് പറഞ്ഞു.
ഖത്തറില്‍ വിസയുള്ള എം എം അക്ബര്‍ യുഎഇയിലും ഖത്തറിലുമായി വിവിധ പരിപാടികളില്‍ ഇപ്പോഴും സജീവമാണ്. ഇതിനിടയിലാണ് താന്‍ ഒളിവിലാണെന്ന തരത്തിലുള്ള വിചിത്രമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടെതെന്ന് അദ്ദേഹം പറഞ്ഞു. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി താന്‍ രണ്ടു തവണ കേരളത്തില്‍ പോയിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മലേഷ്യയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം ദോഹയില്‍ മീഡിയാവണുമായി സംസാരിക്കുകയായിരുന്നു.
ഇസ്ലാം പേടിയുടെ വ്യാപനമാണ് ഇപ്പോള്‍ പീസ് സ്‌കൂളിനെതിരെയും തനിക്കെതിരെയുമുള്ള പ്രചാരണളിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നിലകൊള്ളണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പൊലീസില്‍ നിന്നുണ്ടായതിനെക്കാള്‍ വലിയ പ്രയാസമാണ് സ്‌കൂളിനെതിരായ മാധ്യമ പ്രചാരണങ്ങള്‍ സ്യഷ്ടിച്ചതെന്നും എം എം അക്ബര്‍ പറഞ്ഞു. എല്ലാതരം അതിരു കവിയലുകളും ഒഴിവാക്കേണ്ടതാണെന്നും സന്തുലിതമായ ജീവിത വീക്ഷണം ശീലിക്കാന്‍ യുവാക്കള്‍ തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.