മിന, ഇസ്ലാമിക ചരിത്രത്തിലെ പുണ്യപുരാതന നഗരം
ഇസ്ലാമിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശം കൂടിയാണ് മിന താഴ്വര
ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന പുണ്യ നഗരമാണ് മിന. തീര്‍ഥാടകര്‍ കല്ലേറും ബലി കര്‍മ്മവും നടത്തുന്നത് മിനായിലാണ്. ഇസ്ലാമിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശം കൂടിയാണ് മിന താഴ്വര.
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും ഏഴ് കി.മീറ്റര്‍ അകലെയാണ് തമ്പുകളുടെ നഗരിയായ മിന.ഹജ്ജ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്ന ദുല്‍ഹജ്ജ് എട്ടിനും അറഫാ ദിനത്തിന് ശേഷം പത്തു മുതല്‍ ഹജ്ജ് അവസാനിക്കുന്ന ദുല്‍ഹജ്ജ് പതിമൂന്ന് വരെയും തീര്‍ഥാടകര്‍ താമസിക്കുക മിനായിലെ തമ്പുകളിലാണ്. പരമ്പരാഗത രൂപത്തില്‍ ആധുനിക സൌകര്യങ്ങളോട് കൂടിയാണ് തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ മിനായില്‍ തമ്പുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. 1997 മിനയിലുണ്ടായ തീപിടുത്തത്തിന് ശേഷമാണ് നിലിവിലുള്ള ടെന്റുകള്‍ സ്ഥാപിച്ചത്. കാറ്റില്‍ ചെരിഞ്ഞ് വീഴാത്തും അകത്തേക്ക് മഴത്തുള്ളികള്‍ പതിക്കാത്ത രീതിയിലുമാണ് കനം കുറഞ്ഞ ടെന്റുകള്‍ രൂപകല്‍പ്പന ചെയ്തത്.
ദൈവിക നിര്‍ദ്ദേശപ്രകാരം പ്രവാചകന്‍ ഇബ്രാഹീം മകന്‍ ഇസ്മാഈലിനെ അറുക്കാന്‍ മുതിര്‍ന്നപ്പോള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ എറിഞ്ഞോടിച്ചതിന്റെ പ്രതീകമായി ഹാജിമാര്‍ മൂന്ന് ജംറകള്‍ കല്ലെറിയുന്നതും മിനായിലാണ്, ജംറതുല്‍ ഊല, വുസ്താ, അഖബ എന്നീ ജംറകളിലാണ് തീര്‍ഥാടകര്‍ കല്ലെറിയുന്നത്. വിപുലമായ ബഹുനില സംവിധാനമാണ് കല്ലേറ് കര്‍മ്മത്തിനായി ഇപ്പോള്‍ മിനായിലുള്ളത്. മദീനയിലേക്കുള്ള പ്രവാചകന്റെ ഹിജ്റക്ക് മുന്‍പായി നടന്ന രണ്ട് അഖബ ഉടമ്പടികള്‍ നടന്നതും ഖുര്‍ആനില്‍ അവസാനമായി അവതരിച്ച പൂര്‍ണ അദ്ധ്യായം സൂറതുന്നാസ് അവതീര്‍ണമായതും ഇവിടെയാണ്. നിരവധി പ്രവാചകന്‍മാരുടെ പാദസ്പര്‍ശമേറ്റ മസ്ജിദുല്‍ ഖൈഫ് സ്ഥിതി ചെയ്യന്നതും മിനായിലാണ്.