ഗസ്സയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം: ഖത്തറിന് ലോകനേതാക്കളുടെ പ്രശംസ

Update: 2018-05-29 17:39 GMT
Editor : Ubaid
ഗസ്സയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം: ഖത്തറിന് ലോകനേതാക്കളുടെ പ്രശംസ

ഇസ്രായേലിന്റെ ഉപരോധത്താല്‍ ദുരിതത്തിലായ ഗസ്സക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒരുമാസത്തെ ശമ്പളം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.

ഗസ്സയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാനുള്ള ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രഖ്യാപനത്തിന് ലോക നേതാക്കളുടെ പ്രശംസ. 113 മില്യന്‍ റിയാലാണ് അമീര്‍ ഇതിന് വേണ്ടി നല്‍കിയിരിക്കുന്നത്.

ഇസ്രായേലിന്റെ ഉപരോധത്താല്‍ ദുരിതത്തിലായ ഗസ്സക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒരുമാസത്തെ ശമ്പളം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഖത്തര്‍ ഭരണകൂടത്തിന്‍്റെ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണെന്ന് ഫ്രഞ്ച്‌ പ്രസിഡന്‍്റ് ഫ്രന്‍സ്വാ ഒലോങ്‌ അഭിപ്രായപ്പെട്ടു. ഗസ്സയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഖത്തറിന്റെ തീരുമാനം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി ഫലസ്തീന്‍ പ്രസിഡന്‍്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. മുന്‍കാലങ്ങളിലും സമാനമായ സഹായങ്ങള്‍ ഖത്തറിന്‍്റെ ഭാഗത്ത് നിന്ന് തങ്ങള്‍ക്ക് ലഭിച്ചതായി അബ്ബാസ് വ്യക്തമാക്കി.

Advertising
Advertising

കഴിഞ്ഞ 10 വര്‍ഷമായി ഗസ്സയുടെ മേല്‍ ഇസ്രയേല്‍ ഭരണകൂടം നടത്തി വരുന്ന ഉപരോധത്തില്‍ അതീവ ഗുരുതര സാഹചര്യമാണ് ഗസ്സയിലുള്ളതെന്ന് മുന്‍ പ്രധാനമന്ത്രിയും ഹമാസ് ഉപമേധാവിയുമായ ഇസ്മയില്‍ ഹനിയ്യ പറഞ്ഞു .ഈ സാഹചര്യത്തില്‍ ഖത്തര്‍ അമീര്‍ തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ സ്വീകരിച്ച് പോരുന്ന ഉറച്ച നിലപാടിന്റെ തുടര്‍ച്ചയാണെന്നും ഹനിയ്യ കൂട്ടിച്ചേര്‍ത്തു . ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ തകര്‍ക്കപ്പെട്ട വീടുകളും സ്കൂളുകളും ആശുപത്രികളും പുനര്‍ നിര്‍മ്മിക്കുന്നതിന് ഖത്തര്‍ നേരത്തെ 500 മില്യന്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. ശൈഖ് ഹമദ് നഗരമെന്ന പേരില്‍ ഒരു നഗരം തന്നെ ഖത്തര്‍ ഗസ്സയില്‍ നിര്‍മ്മിച്ച് വരികയാണ്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News