ഖത്തര്‍ ലോകകപ്പിനുള്ള ഏഴാമത് സ്റ്റേഡിയത്തിന്റെ രൂപരേഖയായി

Update: 2018-05-29 17:21 GMT
Editor : Alwyn K Jose
ഖത്തര്‍ ലോകകപ്പിനുള്ള ഏഴാമത് സ്റ്റേഡിയത്തിന്റെ രൂപരേഖയായി

പൂര്‍ണ്ണമായും നീക്കം ചെയ്ത് പുനര്‍ നിര്‍മ്മിക്കാവുന്ന രീതിയിലുള്ള ആദ്യ ലോകകപ്പ് സ്റ്റേഡിയം കൂടിയായിരിക്കുമിത്.

2022 ലെ ഫിഫ ലോകകപ്പിനായി ഖത്തറില്‍ ഉയരുന്ന ഏഴാമത്തെ സ്റ്റേഡിയത്തിന്റെ രൂപരേഖ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടു. ഷിപ്പിങ് കണ്ടെയിനറുകളുടെ മാതൃകയിലുള്ള സ്റ്റേഡിയം റാസ് ബൂ അബൂദിലാണ് സ്ഥാപിക്കുക. പൂര്‍ണ്ണമായും നീക്കം ചെയ്ത് പുനര്‍ നിര്‍മ്മിക്കാവുന്ന രീതിയിലുള്ള ആദ്യ ലോകകപ്പ് സ്റ്റേഡിയം കൂടിയായിരിക്കുമിത്.

വ്യത്യസ്തമായ മാതൃകകളില്‍ ഉയരുന്ന ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളോരോന്നും നിര്‍മ്മാണത്തിലെ സവിശേഷതകള്‍ കൊണ്ടു കൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ലോകകപ്പിനായി ഉയരുന്ന ഏഴാമത് സ്റ്റേഡിയത്തിന്റെ മാതൃകയാണിപ്പോള്‍ സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടത്. ഖത്തറിലെ റാസ് ബൂ അബൂദിലെ ഈ സ്റ്റേഡിയത്തിന് അടുക്കിവെച്ച ഷിപ്പിങ് കണ്ടെയ്‌നറുകളുടെ മാതൃയാണുള്ളത്. പൂർണമായും നീക്കം ചെയ്ത് വീണ്ടും പുനസ​ഥാപിക്കാൻ കഴിയുന്ന ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം കൂടിയായിരിക്കും റാസ്​ ബൂ അബൂദിൽ നിർമ്മിക്കാൻ പോകുന്നത്. പുതുമകളാണ് തങ്ങള്‍ ഖത്തര്‍ ലോകകപ്പിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് സുപ്രിം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു.

Advertising
Advertising

2020ൽ പൂർത്തിയാകുന്ന സ്റ്റേഡിയത്തിൽ 40000 ഇരിപ്പിടങ്ങളാണ് തയ്യാറാക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 1.5 കിലോമീറ്റർ മാത്രം ദൂരത്ത് 450000 ചതുരശ്ര മീറ്റർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുക. ദോഹ മെട്രോ കേന്ദ്രമായ മുശൈരിബിൽ നിന്നും 10 മിനുട്ടിനുള്ളിലും വിമാനത്താവളത്തിൽ നിന്നും 25 മിനുട്ടിനുള്ളിലും സ്റ്റേഡിയത്തിലെത്താൻ സാധിക്കുമെന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ ദോഹയിൽ നിന്നും വക്റയിൽ നിന്നും നേരിട്ടുള്ള ഗതാഗത സർവീസും ജല ടാക്സി സംവിധാനവും സ്റ്റേഡിയത്തിലേക്കുള്ള ഗതാഗതത്തിന് സൗകര്യമൊരുക്കും.

മൊറോക്കോയിലെ കാസാബ്ലാ ഫുട്ബോൾ സ്റ്റേഡിയം, നോർവേയിലെ പുതിയ ദേശീയ സ്റ്റേഡിയം തുടങ്ങി ലോകത്തെ ഏറ്റവും മികച്ച കായിക സ്റ്റേഡിയങ്ങൾക്കും കൊമേഴ്സ്യൽ ബിൽഡിങുകൾക്കും രൂപരേഖ തയ്യാറാക്കിയിട്ടുള്ള ഫെൻവിക് ഐറിബറൻ ആർക്കിടെക്സാണ് റാസ്​ ബൂ അബൂദ് സ്റ്റേഡിയത്തിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. ലോകകപ്പ് ഉദ്ഘാടന മത്സരവും കലാശപ്പോരാട്ടവും നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന്റെ മാതൃക മാത്രമാണ് ഇനി പുറത്തുവിടാനുള്ളത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News