'ടീകോം' തലപ്പത്ത് അധികാരകൈമാറ്റം
ദുബൈയിലെ പ്രത്യേക സാമ്പത്തിക മേഖലാ ഉടമസ്ഥരായ ടീകോമിന്റെ തലപ്പത്ത് അഴിച്ചുപണി.
ദുബൈയിലെ പ്രത്യേക സാമ്പത്തിക മേഖലാ ഉടമസ്ഥരായ ടീകോമിന്റെ തലപ്പത്ത് അഴിച്ചുപണി. ദുബൈ മീഡിയ സിറ്റി, നോളജ് വില്ലേജ് എന്നിവയടക്കം വിവിധ നിക്ഷേപമേഖലയുടെ ചുമതല വഹിക്കുന്നവരെ പരസ്പരം മാറ്റാനാണ് തീരുമാനം. ദുബൈ ഇന്റര്‍നെറ്റ് സിറ്റിയുടെ ചുമതല വഹിച്ചിരുന്ന മാജിദ് അല്‍ സുവൈദിയാണ് പുതിയ മീഡിയ സിറ്റി എം.ഡി.
നിലവില്‍ ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ദുബൈ ഔട്ട് സോഴ്സ് സിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്ന മാജിദ് അല്‍ സുവൈദിക്കാണ് ഇനി ദുബൈ മീഡിയ സിറ്റി, ദുബൈ സ്റ്റുഡിയോ സിറ്റി, ദുബൈ ഇന്‍ര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ സോൺ എന്നിവയുടെ ചുമതല. മീഡിയാ സിറ്റിയുടെയും സ്റ്റുഡിയോ സിറ്റിയുടെയും IMPZ ന്റെയും എം.ഡിയായിരുന്ന മുഹമ്മദ് അബ്ദുല്ലക്ക് ടികോമിന്റെ വിദ്യാഭ്യാസ ക്ലസ്റ്ററായ ദുബൈ നോളജ് വില്ലേജ്, ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റി എന്നിവയുടെ ചുമതല നല്‍കി.
വിദ്യാഭ്യാസ ക്ലസ്റ്ററുകള്‍ കൈകാര്യം ചെയ്തിരുന്ന ഡോ. അയൂബ് കാസിമിനെ ടീകോമിന്റെ സേവന വിഭാഗമായ ആക്സസിന്റെ എം.ഡിയായി നിയമിച്ചു. ടീകോമിന് കീഴില്‍ ജോലിചെയ്യുന്ന എൺപതിനായിരത്തോളം ജീവനക്കാര്‍ക്ക് ആവശ്യമായ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന വിഭാഗമാണിത്. ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ഔട്ട് സോഴ്സ് സിറ്റി എന്നിവയുടെ നിലവിലെ ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടറായ അമ്മാര്‍ മാലിക്കിനെ ഇവയുടെ എക്സിക്ടൂട്ടീവ് ഡയറക്ടറാക്കി നിയമിച്ചു. ആക്സസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി അബ്ദുല്ല മുഹ്സിനെയും നിയമിച്ചതായി ടീകോം ബിസിനസ് പാര്‍ക്ക് സി ഇ ഒ മാലിക് അല്‍ മാലിക്ക് അറിയിച്ചു. ടീകോമിന്റെ മീഡിയസിറ്റിയില്‍ മാത്രം രണ്ടായിരം മാധ്യമ സ്ഥാപനങ്ങളും ഇരുപതിനായിരം ജീവനക്കാരുമുണ്ട്. കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയും ടീകോം സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നാണ്.