ഗള്‍ഫില്‍ ഫ്ലക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം ഏപ്രില്‍ മുതല്‍
തൊഴിലാളികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാനും വ്യത്യസ്ത തൊഴിലുടമകളുടെ കീഴില്‍ വിവിധ ജോലികള്‍ പാര്‍ട് ടൈം ആയും മണിക്കൂര്‍ അടിസ്ഥാനത്തിലും നിയമപരമായി തന്നെ ചെയ്യാനും ഇതുവഴി സാധ്യമാകും
മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആദ്യമായി നടപ്പിലാക്കുന്ന ഫ്‌ലക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം ഏപ്രില്‍ മാസം മുതല്‍ ബഹ് റൈനില്‍ ആരംഭിക്കും. നിയമപരമായ രേഖകളില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് പദ്ധതി ആശ്വാസകരമാകും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ ചെയ്യാനും വ്യത്യസ്ത തൊഴിലുടമകളുടെ കീഴില്‍ വിവിധ ജോലികള്‍ പാര്‍ട് ടൈം ആയും മണിക്കൂര്‍ അടിസ്ഥാനത്തിലും നിയമപരമായി തന്നെ ചെയ്യാനും ഇതുവഴി സാധ്യമാകും. 2016 സെപ്റ്റംബര്‍ 20 വരെ അനധികൃത തൊഴിലാളികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കിടയിലാണ് ഫ്‌ലക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുക.
പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നേടി ആരുടെ കീഴിലും ഇതിലൂടെ തൊഴിലാളിക്ക് ജോലിചെയ്യാം. വര്‍ക് പെര്‍മിറ്റ് ഫീസായി 200 ദിനാറും ഹെല്‍ത് കെയര്‍ ഇനത്തിലായി 144 ദിനാറും പ്രതിമാസ ഫീസായി 30 ദിനാറും ഗോസി ചാര്‍ജുകളൂം അടക്കണം. പ്രതിമാസം 2,000 പെര്‍മിറ്റ് വീതമാണ് അനുവദിക്കുകയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ അല്‍ അബ്‌സി അറിയിച്ചു. രണ്ടു വര്‍ഷക്കാലയളവിലേക്ക് അനുവദിക്കുന്ന ഈ സംവിധാനമനുസരിച്ച് 48,000 വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാകും. എന്നാല്‍ റണ്‍ എവെ കേസുള്ളവര്‍ക്കും കുറ്റക്യതങ്ങള്‍ ചെയ്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയില്ല.
ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികവേളയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഫ്രീ വിസ സമ്പ്രദായം നിയന്ത്രിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. പദ്ധതി വിജയകരമായാല്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന 48,000 ത്തോളം വിദേശ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കും.