ഖത്തറില്‍ കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍
കായിക രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുന്ന ഖത്തറില്‍ കായിക മേഖലയില്‍ തന്നെയാണ് കൂടുതല്‍ നിക്ഷേപ സംരംഭക സാധ്യതകളും നിലവിലുള്ളത്.
ഖത്തറില്‍ കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ വരുന്നു. വിവിധ മേഖലകളില്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 47 ബില്യന്‍ റിയാലിന്റെ 83 നിക്ഷേപ അവസരങ്ങളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
കായിക രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുന്ന ഖത്തറില്‍ കായിക മേഖലയില്‍ തന്നെയാണ് കൂടുതല്‍ നിക്ഷേപ സംരംഭക സാധ്യതകളും നിലവിലുള്ളത്. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ്, ഇവന്റ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ്, സ്‌റ്റേഡിയം നിര്‍മാണം, സ്‌പോര്‍ട്‌സ് വിനോദസഞ്ചാരം തുടങ്ങി നിരവധി നിക്ഷേപ അവസരങ്ങളുണ്ട്. വാണിജ്യ മന്ത്രാലയത്തിലെ സാമ്പത്തിക നയ, ഗവേഷണ വകുപ്പ് ഡയറക്ടര്‍ സഈദ് ബിന്‍ അബ്ദുല്ല അല്‍ അത്വിയ്യയാണ് ഇക്കാര്യം അറിയിച്ചത്.
ദോഹയില്‍ നടന്നുവരുന്ന മുശ്തറയാത് പ്രദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയില്‍ സ്വകാര്യ ആശുപത്രികള്‍ വാണിജ്യ മന്ത്രാലയത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്കായി 11 പ്ലോട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ഉള്‍പ്പെടെയാണ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 47 ബില്യന്‍ റിയാലിന്റെ 83 നിക്ഷേപ അവസരങ്ങള്‍ രാജ്യത്തുള്ളത്.