ലോക്സഭാ തെരെഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം ആവർത്തിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍
സൗദിയിലെത്തിയ അദ്ദേഹം ദമ്മാമില്‍ ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു
വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ലേതുപോലുള്ള തിളക്കമാർന്ന വിജയം ആവർത്തിക്കുമെന്ന് കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ അദ്ദേഹം ദമ്മാമില്‍ ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.
നമ്മുടെ രാജ്യം ഇന്ന് വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ നാം തലതാഴ്ത്തേണ്ടി വന്ന കത്വാ-ഉന സംഭവങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത് അതാണ്. കേവലം ലൈംഗിക വൈകൃതമായി ഇത്തരം ഫാസിസ്റ്റു ചെയ്തികളെ ലഘൂകരിക്കരൂത്. അവയ്ക്ക് പുറകിലുള്ള സംഘടിതമായ ഫാസിസ്റ്റു താത്പര്യം പൊതുജനത്തിന് മുന്നിൽ തുറന്നു കാട്ടണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഫാസിസത്തിന്റെ അവസ്ഥാന്തര വിഭാഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം രാജ്യത്താകമാനം നിലനിൽക്കുന്ന ജനാധിപത്യ മതേതര സഖ്യകക്ഷികളുടെ കൂട്ടായ്മ രൂപപ്പെടേണ്ടത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പ്രവിശ്യയിലെ രാഷ്ട്രീയ മാധ്യമ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ വ്യക്തിത്വങ്ങൾ പങ്കെടുത്തു. പിഎം നജീബ്, മന്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.