റിയോ ഒളിമ്പിക്‍സിലേക്കുള്ള യു.എ.ഇ താരങ്ങളെ പ്രഖ്യാപിച്ചു
ഷൂട്ടിങ്ങ്, അത്‍ലറ്റിക്‍സ്, ജൂഡോ, നീന്തല്‍, സൈക്കിളിങ്, വെയ്റ്റ്‍ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് റിയോ ഒളിന്പിക്സില്‍ യു.എ.ഇ മല്‍സരിക്കുന്നത്.
റിയോ ഒളിമ്പിക്‍സില്‍ ആറ് ഇനങ്ങളിലായി 13 യു.എ.ഇ താരങ്ങള്‍ മാറ്റുക്കും. ദേശീയ ഒളിമ്പിക് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തിലാണ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ താരങ്ങളെ പ്രഖ്യാപിച്ചത്.
ഷൂട്ടിങ്ങ്, അത്‍ലറ്റിക്‍സ്, ജൂഡോ, നീന്തല്‍, സൈക്കിളിങ്, വെയ്റ്റ്‍ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് റിയോ ഒളിന്പിക്സില്‍ യു.എ.ഇ മല്‍സരിക്കുന്നത്. ഷൂട്ടിങിന് പുറമെ ജൂഡോയിലും രാജ്യത്തിന് ഇക്കുറി മെഡല്‍ പ്രതീക്ഷയുണ്ടെന്ന് ദേശീയ ഒളിമ്പിക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖാലിദ് അല്‍ കഅബി, ശൈഖ് സഈദ് ആല്‍ മക്തൂം, സൈഫ് ബിന്‍ ഫുത്തൈശ് എന്നിവരാണ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഷൂട്ടിങ് താരങ്ങള്‍. വിക്ടര്‍ സുവോട്രോവ്, സെര്‍ജി ടോമ, ഇവാന്‍ റെമാറോന്കോ എന്നിവരാണ് ജൂഡോ താരങ്ങള്‍. പതിനായിരം മീറ്ററില്‍ ആലിയ സഈദ് മുഹമ്മദും, 1500 മീറ്ററില്‍ ബെത്‍ലഹം ഡെസാല്‍ഗനും, സൗദ് അല്‍ സഅബിയും യു.എ.ഇക്ക് വേണ്ടി ട്രാക്കിലിറങ്ങും. വനിതാ വെയ്റ്റ് ലിഫ്റ്റിങ് താരം ഐഷ അല്‍ ബലൂഷി, സൈക്കിളിങ് താരം യുസഫ് മിര്‍സ, നീന്തല്‍ താരങ്ങളായ യാക്കുബ് അല്‍ സഈദി, നദ അല്‍ ബദ്‍വാവി എന്നിവരും കളത്തിലിറങ്ങും. 2004 ലെ ഏദന്‍സ് ഒളിമ്പിക്സില്‍ ഷൂട്ടിങ് താരം അഹമ്മദ് അല്‍ മക്തും ഡബിള്‍ട്രാപ്പ് ഇനത്തില്‍ നേടിയ സ്വര്‍ണമാണ് യു.എ.ഇയുടെ ഇതുവരെയുള്ള ഏക ഒളിമ്പിക്സ് മെഡല്‍ നേട്ടം.