ബഹ്‌റൈനിൽ ഫ്ളക്സിബിൾ വർക്ക് പെർമിറ്റ് ഉടൻ
പ്രതിമാസം 2000 ഫ്ലക്സി വർക് പെർമിറ്റുകളും ഹോസ്പിറ്റാലിറ്റി വർക് പെർമിറ്റുകളുമാണ് അനുവദിക്കുക.
ബഹ്‌റൈനിൽ തൊഴിലാളികൾക്കായി രണ്ടു തരം ഫ്ലെക്സിബിൾ വർക്ക് അനുവദിച്ചു തുടങ്ങുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. പ്രതിമാസം 2000 ഫ്ലക്സി വർക് പെർമിറ്റുകളും ഹോസ്പിറ്റാലിറ്റി വർക് പെർമിറ്റുകളുമാണ് അനുവദിക്കുക.
വിവിധ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ സഹായിക്കുന്ന ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് ഉടൻ അനുവദിച്ചു തുടങ്ങുമെന്നാണ് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറീറ്റി ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സി വ്യക്തമാക്കിയത്. രണ്ടു വർഷത്തേക്കാണ് ഇത് അനുവദിക്കുക. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേക മെഡിക്കൽ ടെസ്റ്റിന് വിധേയരാകേണ്ടവർക്കാണ് ഹോസ്പിറ്റാലിറ്റി ഫ്ലെക്സി വർക് പെർമിറ്റ് അനുവദിക്കുക. പദ്ധതി പ്രവാസികൾക്ക് പല രീതിയിൽ പ്രയോജനകരമായിത്തീരും. വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ തൊഴിലാളികൾക്ക് വിവിധ ജോലികൾ പാർട് ടൈം ആയോ മുഴുവൻ സമയമായോ ചെയ്യാൻ നിയമപരമായി തന്നെ സാധിക്കുന്ന രീതിയിൽ ഗൾഫ് മേഖലയിൽത്തന്നെ നടപ്പിലാക്കുന്ന ആദ്യ പരിഷ്കാരമാണിത്. ഈ വർക്കിങ് പെർമിറ്റ് നേടുന്നവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് അനുവദിക്കും. പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ആവുന്നതെല്ലാം ചെയ്യുമെന്നും ഉസാമ അൽ അബ്സി വ്യക്തമാക്കി. ഫ്ലെക്സി വർക് പെർമിറ്റ് വരുന്ന സാഹചര്യത്തിൽ എല്ലാ അനധികൃത ഇന്ത്യൻ തൊഴിലാളികളും ഇതിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി നിയമപരമായി ബഹ്റൈനിൽ തങ്ങാൻ തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.