വാറ്റ് നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നാല് ഗള്‍ഫ് രാജ്യങ്ങള്‍
ഈ വർഷം 'വാറ്റ്' നടപ്പാക്കാൻ ഈ നാല് രാജ്യങ്ങൾക്ക് സാധിക്കുമോ എന്നകാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട് .
മൂല്യവർധിത നികുതി നടപ്പിലാക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടുമായി ഖത്തർ ഉൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങൾ. ധന കമ്മി പരിഹരിക്കാൻ നികുതി സംവിധാനം ഏർപ്പെടുത്തണമെന്ന ഐഎംഎഫ് സമ്മര്‍ദത്തിന്‍റെ പശ്ചാത്തലത്തിലാണ് വിശദീകരണം. നിലവിലെ സാഹചര്യത്തിൽ ഈ വർഷം 'വാറ്റ്' നടപ്പാക്കാൻ ഈ നാല് രാജ്യങ്ങൾക്ക് സാധിക്കുമോ എന്നകാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട് .
ജനുവരി ഒന്നു മുതലാണ് യുഎഇയും സൗദി അറേബ്യയും അഞ്ച് ശതമാനം മൂല്യവർധിത നികുതി നടപ്പിലാക്കിയത്. ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഈ വർഷാവസാനത്തോടെയെങ്കിലും വാറ്റ് നടപ്പാക്കും എന്നായിരുന്നു ധാരണ. എന്നാൽ സാങ്കേതികമായും രാഷ്ട്രീയമായും മൂല്യവർധിത നികുതി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് നാലു രാജ്യങ്ങളും അറിയിച്ചതായി ഐഎംഎഫ് ധനകാര്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അബ്ദുൽ ഹഖ് സെൻഹദ്ജി വെളിപ്പെടുത്തി. എല്ലാ ഗൾഫ് രാജ്യങ്ങളും വാറ്റ് നടപ്പാക്കാൻ 2016 ൽ ധാരണ രൂപപ്പെട്ടതാണെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവ് കാരണം ചില രാജ്യങ്ങൾ മടിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെട്രോൾ ബാരലിന് 30 വരെ ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു വാറ്റ് നടപ്പാക്കാനുള്ള ജിസിസി തീരുമാനം. എണ്ണവിലയിൽ വർധന വന്നിരിക്കെ, നികുതി ഏർപ്പെടുത്താൻ ധൃതി വേണ്ടെന്നും ചില ഗൾഫ് രാജ്യങ്ങൾ കരുതുന്നു. വാറ്റ് നടപ്പിലാക്കിയ സൗദി, യുഎഇ എന്നീ രാജ്യങ്ങൾക്ക് വലിയ തോതിൽ വരുമാന നേട്ടം ഉറപ്പാക്കാൻ സാധിച്ചതായും ഐഎംഎഫ് വിലയിരുത്തുന്നു. നികുതി ഘടനയിലേക്കുള്ള ഗൾഫിന്‍റെ ചുവടുവെപ്പ് സാമ്പത്തിക മേഖലയിൽ മികച്ച പിൻബലമാകുമെന്നാണ് ഐഎംഎഫ് നിർദേശം. അതേസമയം, കോർപറേറ്റ് നികുതി, ആഡംബര വാഹന നികുതി എന്നിവയും യുഎഇയുടെ പരിഗണനയിൽ ഉണ്ട്. ആദായനികുതി ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കില്ലെന്നാണ് യുഎഇയും സൗദിയും വെളിപ്പെടുത്തിയത്.