ലോകത്തിലെ മയിലുകളുടെ വൈവിധ്യം ഒരിടത്ത്

Update: 2018-06-02 10:21 GMT
ലോകത്തിലെ മയിലുകളുടെ വൈവിധ്യം ഒരിടത്ത്

ലോകത്തിലെ ഏറ്റവും വിലകൂടിയതടക്കം പലതരത്തിലുള്ള 400 ല്‍ പരം മയിലുകളെ സ്വന്തമാക്കിയിരിക്കുകയാണ് ഖത്തര്‍ സ്വദേശിയായ ഹമദ് അല്‍ സുവൈദി

മയിലുകളെത്തേടി ലോകത്തുടനീളം സഞ്ചരിക്കുന്ന ഖത്തറിലെ ഒരു സ്വദേശി പ്രമുഖനെ പരിചയപ്പെടാം. മുന്‍ ഖത്തരി കാര്‍ റൈഡിംഗ് ചാമ്പ്യന്‍ കൂടിയായ ഹമദ് അല്‍ സുവൈദിയുടെ തോട്ടത്തിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും വിലകൂടിയതടക്കം പലതരത്തിലുള്ള 400 ല്‍ പരം മയിലുകളെയാണിവിടെ കാണാനാവുക.

ഖത്തറിലെ അല്‍വാബിലാണ് ഹമദ് അല്‍ സുവൈദിയെന്ന സ്വദേശി പ്രമുഖന്റെ വീടും തോട്ടവും, നിറയെ പൂക്കളുള്ള വള്ളിച്ചെടികള്‍ക്കപ്പുറത്താണ് കതാറ പീഫോള്‍ എന്ന മയിലുകളുടെ താവളം. ബ്ലൂ ഇന്ത്യന്‍ എന്ന നമുക്ക് പരിചയമുള്ള മയിലുകള്‍ക്ക് പുറമെ തൂവെള്ള നിറത്തിലും നീല പച്ച ബ്രൗണ്‍ , എമറാള്‍ഡ് എന്നിങ്ങനെ വര്‍ണ്ണവൈവിധ്യങ്ങളിലള്ള മയൂര സൗന്ദര്യം നമ്മെ വിസ്മയിപ്പിക്കും..

Advertising
Advertising

മയിലുകളെത്തേടിയാണ് ഇദ്ദേഹത്തിന്റെ യൂറോപ്പിലും മിഡിലീസ്റ്റിലും ലാറ്റിനമേരിക്കന്‍ നാടുകളിലുമെല്ലാമുള്ള യാത്ര. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മയൂരസുന്ദരന്‍മാരുടെ ഉടമകൂടിയായ ഹമദ് അല്‍ സുവൈദി യുനൈറ്റഡ് പീഫോള്‍ അസോസിയേഷനില്‍ അംഗമായ മധ്യ പൗരസ്ഥ്യദേശത്തെ ഏക വ്യക്തികൂടിയാണ്‌.

Full View

പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇദ്ദേഹം മയിലുകളുടെ പരിചരണവും ചികിത്സയും പ്രജനനവുമെല്ലാം സൂക്ഷ്മായി നിരീക്ഷിക്കുന്നുണ്ട്. ഇവയുടെ ഭക്ഷണത്തിനു വേണ്ട പുഴുക്കളെ അമേരിക്കയില്‍ നിന്നും മറ്റും എത്തിച്ചാണ് നല്‍കുന്നത്. ഹൈബ്രീഡ് ഇനങ്ങളായ നാനൂറില്‍ പരം മയിലുകളാണ് ഹമദ് സുവൈദിയുടെ ശേഖരത്തിലുള്ളത്.

സ്വന്തം വീടിനോട് ചേര്‍ന്ന തോട്ടത്തില്‍ പരിചരിക്കേണ്ടിവരുന്നതിനാല്‍ തത്കാലം പുറമെ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അനുമതി കൊടുക്കാനാവുന്നില്ലെന്ന വിഷമവും അദ്ദേഹം പങ്കുവെച്ചു. സര്‍ക്കാര്‍ അനുമതിയോടെ ഒരു മയൂരോധ്യാനം തന്നെ വൈകാതെ തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഹമദ് അല്‍ സുവൈദിയിന്ന്.

Similar News