ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ല: സൌദി ഭരണാധികാരി

Update: 2018-06-03 04:14 GMT
Editor : Sithara
ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ല: സൌദി ഭരണാധികാരി
Advertising

ഹജ്ജിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ വംശീയ വിദ്വേഷങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സല്‍മാന്‍ രാജാവ്

ഹജ്ജിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ വംശീയ വിദ്വേഷങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ലോകമുസ്ലിം ഐക്യത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹത്തിന്റെയും ഇസ്ലാമിക രാഷ്ട്രങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജിനെത്തിയ മുസ്ലിം ലോകത്തെ പ്രമുഖര്‍, രാജാവിന്റെ അതിഥികള്‍‍, സര്‍ക്കാര്‍ അതിഥികള്‍, തുടങ്ങിയവര്‍ക്ക് മിന കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജ് തീര്‍ഥാടകരുടെ സേവനം മഹത്തരമായാണ് രാജ്യം കാണുന്നത്. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിവരുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ പ്രയാസരഹിതമായി ശാന്തമായ അന്തരീക്ഷത്തില്‍ നിര്‍വഹിക്കുന്നതിനാവശ്യമായ എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വിശുദ്ധ കര്‍മ്മങ്ങളെ രാഷ്ട്രീയമോ വംശീയമോ ആയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കുകയില്ല. ഭിന്നിപ്പുകള്‍ മാറ്റിവെച്ച് സഹകരണത്തിന്റെയും ഐക്യത്തിന്റെയും മാര്‍ഗം പിന്തുടരാനാണ് ഇസ്ലാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദവും ഭീകര പ്രവര്‍ത്തനങ്ങളുമെല്ലാം ഇസ്ലാമിക വിശ്വാസവും ബുദ്ധിയും ഒരുപോലെ നിരാകരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ലോകത്തിന്റെ മുമ്പില്‍ ഇസ്ലാമിന് കളങ്കമുണ്ടാക്കിയിട്ടുണ്ട്. വിനാശകരമായ ഈ വിപത്തുകളുടെ വേരറുത്തുകളയുക മാത്രമേ പരിഹാരമുള്ളൂ. അതിനായി മുസ്ലിം ലോകം ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാം സാഹോദര്യത്തിന്റെയും നീതിയുടെയും സ്നേഹ സൗഹാര്‍ദ്ദങ്ങളുടെയും മതമാണ്. ഇസ്ലാമിക ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഭിന്നതകളും ഏറ്റുമുട്ടലും മറ്റും അവസാനിപ്പിക്കേണ്ടതുണ്ട്. ഇതിനായി മുസ്ലിം ലോകം ഐക്യത്തോടെ മുന്നോട്ട് വരണം. സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹകരണങ്ങളുമുണ്ടാകും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ച് സുരക്ഷിതരായി അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയട്ടെയെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News