യുഎഇയില്‍ മലയാളിയുടെ വന്‍ നിക്ഷേപതട്ടിപ്പ്; 50 കോടിയിലേറെ കൈക്കലാക്കി
തൃത്താല പൊലീസിലും സനൂപിനെതിരെ പരാതിയുണ്ട്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും പൊലീസിനെ സമീപിച്ചതായാണ് വിവരം.
50 കോടിയിലേറെ രൂപ കൈക്കലാക്കി പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി നാട്ടിലേക്ക് കടന്നു. ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഇയാള്‍ 300 ലക്ഷത്തോളം ദിര്‍ഹം കൈപറ്റിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടവര്‍ യുഎഇയിലും നാട്ടിലും ഇയാള്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചു.
ശൈഖ് സായിദ് റോഡിന് സമീപത്തെ ഒരു ഐടി കന്പനി ഉദ്യോഗസ്ഥനായ കുമരനല്ലൂര്‍ തൊഴപുറത്ത് വീട്ടില്‍ സനൂപിനെതിരെയാണ് പരാതിയുമായി നിരവധി പ്രവാസികള്‍ രംഗത്തെത്തിയത്. കമ്പനിയുടെ ഉടമയും കുടുംബാംഗങ്ങളും കബളിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ പഴയകാല സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും ഇരകളാണ്.
കഴിഞ്ഞമാസം കുടുംബത്തോടെ നാട്ടിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് ഫോണില്‍ കിട്ടാതായി. ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവായി. ഇതോടെയാണ് പണം നല്‍കിയവര്‍ക്ക് സംശയം ഉടലെടുത്തത്. ഈട് നല്‍കിയ വന്‍തുകയുടെ ചെക്കുകള്‍ ബാങ്കില്‍ നിന്ന് ഒന്നൊന്നായി മടങ്ങി. തൃത്താല പൊലീസിലും സനൂപിനെതിരെ പരാതിയുണ്ട്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും പൊലീസിനെ സമീപിച്ചതായാണ് വിവരം.