വിമാനത്തിനോട് കിടപിടിക്കുന്ന വേഗതയുമായി ഹൈപ്പര്‍ ലൂപ്പ്
സിലിണ്ടറിനുള്ളിൽ സീറ്റുകളിൽ ഇരുന്ന് ദീർഘ നിശ്വാസം വിടുമ്പോഴേക്കും ഇറങ്ങാനുള്ള സ്ഥലമായിട്ടുണ്ടാകും എന്നതാണ് ഹൈപ്പർലൂപ്പിന്റെ പ്രത്യേകത
വേഗതയെ വെല്ലുന്ന യാത്രാ സൗകര്യം യു.എ.ഇ മാറ്റിമറിക്കുമെന്ന് വിദഗ്ദ്ധർ. നാളെയുടെ യാത്രാ മാർഗമായ ഹൈപ്പർ ലൂപ്പിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. സിലിണ്ടറിനുള്ളിൽ സീറ്റുകളിൽ ഇരുന്ന് ദീർഘ നിശ്വാസം വിടുമ്പോഴേക്കും ഇറങ്ങാനുള്ള സ്ഥലമായിട്ടുണ്ടാകും എന്നതാണ് ഹൈപ്പർലൂപ്പിന്റെ പ്രത്യേകത.
ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ട ഹൈപ്പർലൂപ്പ് പ്രോട്ടോടൈപ് വീഡിയോയിലാണ് ലോകം കാത്തുകാത്തിരിക്കുന്ന ഹൈപ്പർ ലൂപ്പിന്റെ കിടിലൻ ദൃശ്യങ്ങളുള്ളത്. ദുബൈയിൽ നിന്ന് അബൂദബിയിലേക്കാണ് കുഴൽ ഇട്ടിരിക്കുന്നത്. അതിവേഗ ഹൈവേയിലൂടെ അതിവേഗ കാറിൽ പോയാലും ഒന്നര മണിക്കൂർ എടുക്കും ദുബൈയിൽ നിന്ന് അബൂദബിയിലെത്താൻ. എന്നാൽ ഹൈപ്പർലൂപ്പ് 12 മിനിറ്റുകൊണ്ട് ഈ ദൂരം താണ്ടും. പൂർണ്ണതോതിൽ സജ്ജമായിക്കഴിഞ്ഞാൽ മണിക്കൂറിൽ 1200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ഹൈപ്പർ ലൂപ്പിനാകും. ഏതാണ്ട് വിമാനത്തിന്റെ വേഗം. തീവണ്ടിയിലെന്ന പോലെയിരുന്ന് വിമാനം പോലെ കുതിക്കാൻ പറ്റുന്നതാണ് ഈ ന്യൂജെൻ വണ്ടി. പുറത്തുവന്ന വീഡിയോയിൽ ഹൈപ്പർ ലൂപ്പിന് മുന്നിൽ ആർ.ടി.എയുടെ ലോഗോ കാണാം. വിശാലമാണ് ഇതിന്റെ ഉൾഭാഗം. കാലുകൾ അനായാസം വെച്ച് ഇരിക്കാവുന്നത്ര ഇട സീറ്റുകൾക്കിടയിലുണ്ട്. ടച്ച്സ്ക്രീൻ അടക്കമുള്ള സൗകര്യങ്ങൾ വേറെയുമുണ്ട്. ഹൈപ്പർ ലൂപ്പിന്റെ മാതൃക സിറ്റിവാക്കിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. കാര്യങ്ങൾ ഇത്രയൊക്കെയായെങ്കിലും ഇനിയും ഏറെ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം മാത്രമായിരിക്കും ഹൈപ്പർലൂപ്പ് പൊതുജന സേവനത്തിന് എത്തുക.