പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മരണം സൗദിയില്‍; കുറവ് ബഹ്റെെനില്‍
ലോക്സഭാ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് വിദേശകാര്യസഹമന്ത്രി കണക്കുകള്‍ പുറത്ത് വിട്ടത്
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 28,523 ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സൌദിയിലാണ്. കുറവ് ബഹ്റൈനിലും. ലോക്സഭാ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് വിദേശകാര്യസഹമന്ത്രി വി.കെ സിങ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.
2014 മുതല്‍ 18 വരെയുള്ള നാല് വര്‍ഷത്തിനിടയില്‍ 28523 ഇന്ത്യന്‍ പൌരന്മാരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത് സൌദി അറേബ്യയിലാണ്. 12,828 പേര്‍. 7,877 പേര്‍ മരിച്ച യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. ഒമാനില്‍ 2564 ഉം കുവൈത്തില്‍ 2932ഉം ഖത്തറില്‍ 1301 പേരും മരിച്ചു. ഏറ്റവും കുറവ് പേര്‍ മരിച്ചത് ബഹ്റൈനിലാണ്, 1021 പേര്‍.
പ്രവാസികളുടെ മരണവും അപകടങ്ങളും കുറയ്ക്കാന്‍ അതത് രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും വി.കെ സിങ് ലോക്സഭയെ അറിയിച്ചു.