ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോണ്‍സല്‍ പദവിയിലേക്ക് മലയാളി വനിതയെത്തുന്നു

ഐ.എഫ്.എസ് നേടുന്ന രണ്ടാമത്തെ മലയാളി മുസ്‌ലിം വനിതയായ ഹംന മറിയം ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിലെത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ കോൺസൽ കൂടിയാണ്

Update: 2019-09-26 18:14 GMT

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോണ്‍സല്‍ പദവിയിലേക്ക് മലയാളി വനിതയെത്തുന്നു. കോഴിക്കോട് സ്വദേശി ഹംനാ മറിയമാണ് പുതിയ കോൺസലായി നിയമിതയാവുന്നത്. ഡിസംബർ മാസത്തോടെ ഇവർ ജിദ്ദയിൽ ചാർജെടുക്കുമെന്നാണ് വിവരം.

ഇന്ത്യൻ കോൺസുലേറ്റിലെ പുതിയ കൊമേഴ്‌സ്യൽ ഇൻഫർമേഷൻ & പ്രസ് കോണ്‍സലായാണ് കോഴിക്കോട് സ്വദേശി ഹംനാ മറിയമെത്തുന്നത്. നിലവിലെ കോൺസൽ മോയിൻ അഖ്തർ സ്ഥലം മാറിപ്പോകുന്നതിനെത്തുടർന്നാണ് പുതിയ നിയമനം. നിലവിൽ പാരീസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരുന്ന ഇവർ അടുത്ത ഡിസംബറോടെ ജിദ്ദയിൽ ചാർജെടുക്കുമെന്നാണറിയുന്നത്.

Advertising
Advertising

ഡൽഹിയിലെ രാംജാസ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഹംന മറിയം ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായിരിക്കെയാണ് 28 ആം റാങ്കുകാരിയായി രണ്ടു വർഷം മുമ്പ് ഇന്ത്യൻ വിദേശകാര്യ സർവീസിലെത്തിയത്. കോഴിക്കോട് സ്വദേശികളായ ഡോ. ടി.പി.അഷ്‌റഫിന്‍റെയും ഡോ. പി.വി.ജൗഹറയുടേയും മകളാണ് ഹംന മറിയം. തെലുങ്കാന കാഡറിലെ ഐ.എ.എസുകാരൻ മുസമ്മിൽ ഖാനാണ് ഭർത്താവ്. ഐ.എഫ്.എസ് നേടുന്ന രണ്ടാമത്തെ മലയാളി മുസ്‌ലിം വനിതയായ ഹംന മറിയം ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിലെത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ കോൺസൽ കൂടിയാണ്. സൗദിയുടെ പടിഞ്ഞാറൻ പ്രദേശത്തു ജോലിചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് ഇവരുടെ നിയമനത്തെ കാത്തിരിക്കുന്നത്.

Tags:    

Similar News