54ാമത് ദേശീയ ദിനം ആഘോഷിച്ച് ബഹ്‌റൈൻ
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ദേശീയ ദിന സന്ദേശം പങ്കുവെച്ചു
മനാമ: 54ാമത് ദേശീയ ദിനം സമുചിതമായി ആഘോഷിച്ച് ബഹ്‌റൈൻ ജനത. സാഖിർ പാലസിൽ നടന്ന ദേശീയ ദിനാഘോഷ ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ദേശീയ ദിന സന്ദേശം പങ്കുവെച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ രാജകുടുംബാഗങ്ങളും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പങ്കെടുത്തു. രാജകൊട്ടാരത്തിൽ പൗരപ്രമുഖരുമായും സൈനിക മേധാവികളുമായും ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ വിജയത്തിനും സമൃദ്ധിക്കും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ വെച്ച് മെഡലുകൾ സമ്മാനിച്ചു.
ബഹ്‌റൈൻ പതാകകളേന്തിയും വാഹനങ്ങൾ അലങ്കരിച്ചും വൈവിധ്യമാർന്ന പരിപാടികളൊരുക്കിയും ബഹ്‌റൈൻ പൗരന്മാരോടൊപ്പം പ്രവാസികളും ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്നു. പ്രവാസി കൂട്ടായ്മകൾ സംഘടനാ ആസ്ഥാനങ്ങളിൽ വ്യതസ്തമാർന്ന ദേശീയ ദിന പരിപാടികളൊരുക്കി. കരിമരുന്ന് പ്രയോഗവും കലാപരിപാടികളും രാജ്യത്തെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.