ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തർ
ഡിസംബർ പതിനെട്ട് വ്യാഴാഴ്ചയാണ് ഖത്തർ ദേശീയ ദിനം
ദോഹ: വിപുലമായ ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. രാജ്യത്തിന്റെ ഐക്യവും പൈതൃകവും വിളംബരം ചെയ്യുന്ന ആഘോഷങ്ങൾക്കാണ് രാജ്യം ഒരുങ്ങുന്നത്. നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ മുദ്രാവാക്യം. ഡിസംബർ പതിനെട്ട് വ്യാഴാഴ്ചയാണ് ഖത്തർ ദേശീയ ദിനം.
ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോർണിഷിൽ വ്യാഴം രാവിലെ ദേശീയ ദിന പരേഡ് നടക്കും. പരേഡ് കാണാൻ പതിവു പോലെ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. രാവിലെ അഞ്ചു മുതൽ ഏഴര വരെയാണ് പ്രവേശന സമയം. ഒമ്പതിന് പരേഡ് ആരംഭിക്കും. പൗരന്മാരെയും താമസക്കാരെയും പരേഡിലേക്ക് സ്വാഗതം ചെയ്യുന്നതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് ആഘോഷപരിപാടികളിൽ പരേഡ് തിരിച്ചെത്തുന്നത്.
വ്യാഴാഴ്ച രാജ്യത്ത് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ചയാണ് ഇനി പ്രവൃത്തിദിനം. പൊതുസുരക്ഷ കണക്കിലെടുത്ത് ഡിസംബർ 16 മുതൽ 19വരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഷെറാട്ടൺ ഹോട്ടൽ വരെ സമുദ്ര ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ദിനാഘോഷ പരിപാടികൾക്ക് നേരത്തെ ദർബ് അൽ സാഇയിൽ ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു. ഡിസംബർ 20 വരെ ഇവിടത്തെ ആഘോഷ പരിപാടികൾ നീണ്ടു നിൽക്കും.