ഖത്തർ ദേശീയദിനം: കൂറ്റൻ 'മനുഷ്യപതാക' നിർമിച്ച് ദോഹയിലെ എംഇഎസ് ഇന്ത്യൻ സ്‌കൂൾ

വെള്ളയും മെറൂണും നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ 1925 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പതാകയുടെ വിശാല മാതൃകയൊരുക്കിയത്

Update: 2025-12-16 17:42 GMT

ദോഹ: ഖത്തർ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ദേശീയ പതാകയുടെ കൂറ്റൻ മനുഷ്യ മാതൃക തീർത്ത് ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾ. രാജ്യത്തോടുള്ള ഐക്യവും ആദരവും പ്രകടമാക്കി, വെള്ളയും മെറൂണും നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ 1925 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പതാകയുടെ വിശാല മാതൃകയൊരുക്കിയത്. 7,700 വിദ്യാർഥികളും ജീവനക്കാരും 140 വരികളിലും 55 നിരകളിലുമായി അണിനിരന്നു.

സ്‌കൂൾ മൈതാനത്ത് ഒരുക്കിയ പതാകയുടെ മാതൃക മനോഹര ദൃശ്യവിരുന്നു കൂടിയായി. പരിപാടിയിൽ ഖത്തറിനോടുള്ള ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രഖ്യാപനമായി വെള്ളയും മെറൂണും നിറങ്ങളണിഞ്ഞ കുട്ടികൾ അച്ചടക്കത്തോടെ അണിനിരന്നു.

Advertising
Advertising

 

വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂൾസ് എജുക്കേഷൻ കൺസൾട്ടന്റ് മുബാറക് അബ്ദുല്ല അൽ മൻസൂരി, ദോഹയിലെ ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് ഡോ. സൈബു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

 

ഖത്തറിന്റെ ദീർഘദർശിയായ നേതൃത്വത്തോട് ആദരവ് പ്രകടിപ്പിക്കുന്നതായിരുന്നു മനുഷ്യ പതാകയുടെ മാതൃകയെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിപ്രായപ്പെട്ടു. പരിപാടിയുടെ വിജയത്തിനായി പിന്തുണ നൽകിയ വിദ്യാർഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ, വിശിഷ്ട വ്യക്തികൾ എന്നിവർക്ക് അവർ നന്ദി അറിയിച്ചു.

 

എം.ഇ.എസ് ഗവേണിങ് ബോർഡ് ഡയറക്ടർമാർ, അംഗങ്ങൾ, സ്‌കൂൾ അധികൃതർ, അധ്യാപക -അനധ്യാപക ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫിസിക്കൽ എജുക്കേഷൻ കോഓഡിനേറ്റർ സലിം ജെ. നാടഫ്, കൾച്ചറൽ കമ്മിറ്റി കൺവിനർ അൻവർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News