സൌദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഗൾഫിൽ ഇന്നലെ 69 മരണവും ഏഴായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു

Update: 2020-06-20 01:35 GMT

സൗദിയിലെ ജുബൈലില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഉള്ളാട്ടില്‍ വട്ടോളില്‍ ദയശീലന്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഗൾഫിൽ ഇന്നലെ 69 മരണവും ഏഴായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേ സമയം നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകളിൽ മാറ്റമില്ല. സൗദി ഉൾപ്പെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertising
Advertising

സൗദി അറേബ്യയിൽ മാത്രം 1184 ആണ് മരണസംഖ്യ. ഖത്തറിൽ ഏഴും ഒമാനിൽ ആറും കുവൈത്തിൽ അഞ്ചും ബഹ്റൈനിൽ നാലും യു.എ.ഇയിൽ രണ്ടും പേർ കൂടി കോവിഡിനു കീഴടങ്ങി. സൗദിയിൽ രോഗികളുടെ എണ്ണമാകട്ടെ ഒന്നര ലക്ഷം കവിഞ്ഞിരിക്കുന്നു. എങ്കിലും നാളെ മുതൽ രാജ്യത്തുടനീളം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് സൗദി അറേബ്യ. കുവൈത്ത്, ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ജീവിതം തിരിച്ചു പിടിക്കാനുള്ള തീവ്രനീക്കത്തിലാണ്. യു.എ.ഇയിൽ ഏറെക്കുറെ ജീവിതം സാധാരണ നിലയിലേക്ക് വന്നുകഴിഞ്ഞു.

സൗദിയിലും ഖത്തറിലുമാണ് രോഗികളുടെ എണ്ണം ഉയർന്ന അനുപാതത്തിൽ തുടരുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനും ചുവടെയാണ്. വ്യാപക ടെസ്റ്റുകളും വിദഗ്ധ പരിചരണവും കാരണം രോഗവിമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുകയാണ്. മൂന്നര ലക്ഷത്തോളം വരുന്ന ഗൾഫിലെ കോവിഡ് രോഗികളിൽ രണ്ടര ലക്ഷത്തിലേറെ പേർക്കും രോഗം ഭേദമായി.

സമൂഹ വ്യാപനം ഉണ്ടായില്ലെന്നു തന്നെയാണ് വിവിധ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. മുപ്പതു ലക്ഷത്തിലേറെ ടെസ്റ്റുകൾ നടന്ന യു.എ.ഇയിൽ എല്ലാവർക്കുമായി പരിശോധന നടത്താനുള്ള വിപുല പദ്ധതിയും ആവിഷ്കരിച്ചു വരികയാണ്.

Tags:    

Similar News